കൊച്ചി: കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ ജോളി മധുവിന്റെ മരണത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. മൂന്നംഗ സമിതി രൂപീകരിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
ജോളി മരിച്ചത് തൊഴില്‍ പീഡനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തൊഴില്‍ പീഡനം ചൂണ്ടിക്കാട്ടി ജോളി പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമാണ് ജോളി കത്തയച്ചത്.
ബോര്‍ഡിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിയും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ജോളി പരാതി നല്‍കിയത്.
ഇതിന് പിന്നാലെയാണ് ജോളി മരിച്ചത്. ഇന്നലെ ഉച്ചയോടെ ജോളി മരണപ്പെടുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ജോളി മരണപ്പെട്ടത്. സെറിബ്രല്‍ ഹെമിറേജ് ബാധിച്ചതിനെ തുടര്‍ന്നാണ് ജോളി ചികിത്സയില്‍ പ്രവേശിച്ചത്.
കയര്‍ ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് സെക്ഷന്‍ ഓഫീസറായിരുന്നു ജോളി മധു. കാന്‍സര്‍ അതിജീവിത കൂടിയായിരുന്നു ജോളി.
അതേസമയം ജോളിയുടെ ആരോപണങ്ങള്‍ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചിട്ടുണ്ട്. വിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റിയെന്നും ശമ്പളം തടഞ്ഞുവെച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ പോലും പരിഗണിച്ചില്ലെന്നും കുടുംബം പറഞ്ഞിരുന്നു.
എന്നാല്‍ രോഗാവസ്ഥ കണക്കിലെടുത്ത് സ്ഥലം മാറ്റാനുള്ള തീരുമാനം റദ്ദ് ചെയ്തുവെന്നും ജോളിക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നും കയര്‍ ബോര്‍ഡ് ഇന്നലെ വിശദീകരണം നല്‍കിയിരുന്നു.
Content Highlight: Death of Coir Board Officer; The central government has ordered an investigation