ജോര്‍ജ് ഫ്‌ളോയ്ഡിന്റെത് കൊലപാതകം; കഴുത്ത് ഞെരിച്ചമര്‍ത്തിയത് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
World News
ജോര്‍ജ് ഫ്‌ളോയ്ഡിന്റെത് കൊലപാതകം; കഴുത്ത് ഞെരിച്ചമര്‍ത്തിയത് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd June 2020, 9:46 am

മിനായപൊളിസ്: ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം നരഹത്യയെന്ന് ഔദ്യോഗിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചമര്‍ത്തിയതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

46കാരനായ ജോര്‍ജിന്റെ മരണത്തിന് കാരണം പൊലീസുകാരന്‍ പുറത്തും കഴുത്തിലും ഞെരിച്ചമര്‍ത്തിയതുമൂലം ഹൃദയ സ്തംഭനമുണ്ടായതാണെന്ന് ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ പ്രസ്താവനയില്‍ പറഞ്ഞു.

ഫ്‌ളോയഡിന്റെ കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ജോര്‍ജിന്റെ പുറത്തും കഴുത്തിലും പൊലീസുകാരന്‍ ഞരിച്ചമര്‍ത്തിയതിനാല്‍ ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചതെന്ന് പറയുന്നു.

മിനസോട്ട സ്‌റ്റേറ്റ് നയമമനുസരിച്ച് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഒരു സ്വതന്ത്ര ഓഫീസാണെന്ന് എക്‌സാമിനറുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അതേസമയം അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മിനിയാപോളീസ് സെനേറ്റര്‍ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക