| Wednesday, 23rd October 2024, 3:44 pm

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; സത്യസന്ധമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല; മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യസന്ധമായി ജോലി ചെയ്യുന്ന ആളുകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണം അതീവ ദുഖഃകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബുവിന്റെ അനുഭവം ഒരു ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാവാന്‍ പാടില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മനുഷ്യസ്‌നേഹവും സത്യസന്ധതയും ഉഗ്യോഗസ്ഥരുടെ മുഖമുദ്രയായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം തന്നെ അത്തരത്തിലൊരു പ്രതിബദ്ധതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉദ്യോഗസ്ഥര്‍ക്ക് ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതാദ്യമായാണ് എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ യോഗത്തില്‍ നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ ഇടപെടലുകളും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അന്വേഷണം ശെരിയായ വഴിലാണ് നടക്കുന്നതെന്നും വേഗത്തില്‍ തന്നെ അത് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചിരുന്നു. പി.പി ദിവ്യക്കെതിരെ നിലവില്‍ വേണ്ട നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ണൂര്‍ എ.ഡി.എം ആയ നവീന്‍ ബാബുവിനെ യാത്രയയ്പ്പ് ചടങ്ങിന് പിന്നാലെ ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

യാത്രയയ്പ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉയര്‍ത്തിയതില്‍ മനം നൊന്താണ് എ.ഡി.എം ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പി.പി.ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു. എന്നാല്‍ ദിവ്യയ്ക്ക് എതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.

Content Highlight: Death of ADM Naveen Babu; No one is allowed to question the self-respect of those who work honestly; Chief Minister

Latest Stories

We use cookies to give you the best possible experience. Learn more