| Thursday, 17th October 2024, 1:07 pm

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; ദിവ്യയ്‌ക്കെതിരെ കേസ് എടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ കേസ് എടുക്കും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബി.എന്‍.എസിലെ 108(ബി) വകുപ്പ് പ്രകാരമാണ് കേസ്.

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ പി.പി.ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതില്‍ മനം നൊന്താണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ദിവ്യയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

നവീന്‍ ബാബുവിന് ആത്മഹത്യ ചെയ്യാന്‍ മറ്റ് കാരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും യാത്രയയ്പ്പ് ചടങ്ങിലെ പ്രശ്‌നം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താവും ദിവ്യയ്‌ക്കെതിരെ പൊലീസ് കേസ് എടുക്കുന്നത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുടുംബം പരാതി നല്‍കിയിരുന്നു. നവീനിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കുടുംബം പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ദിവ്യയുടെ പരാമര്‍ശം ഉചിതമായിരുന്നില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചിരുന്നു.

അതേസമയം നവീന്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്ത് വന്നിരുന്നു. നവീന്‍ കൈക്കൂലി ആവശ്യപ്പെട്ട പെട്രോള്‍ പമ്പിന് അനുമതി നിഷേധിച്ചത് പൊലീസ് ആണെന്ന് പറയുന്ന എന്‍.ഒ.സി റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരുകയുണ്ടായി. പെട്രോള്‍ പമ്പ് പണിയാന്‍ തീരുമാനിച്ച സ്ഥലം വളവിലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദിഷ്ട സ്ഥലത്ത് അനുമതി നിഷേധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പെട്രോള്‍ ഉടമയുടേയും പി.പി.ദിവ്യയുടെയും ആരോപണങ്ങളെ നിരാകരിക്കുന്നതാണ്.

രണ്ട് ദിവസം മുമ്പാണ് കണ്ണൂര്‍ എ.ഡി.എം ആയ നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, നവീനെതിരെ കൈക്കൂലിയടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ചെങ്ങളായിയിലുള്ള ഒരു വ്യക്തി ഒരു പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സിക്ക് വേണ്ടി പല തവണ എ.ഡി.എമ്മിനെ ബന്ധപ്പെട്ടിരുന്നെന്നും അപ്പോള്‍ അനുമതി ലഭിക്കാനായി നവീന്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നുമായിരുന്നു പി.പി. ദിവ്യ പറഞ്ഞത്.

Content Highlight: Death of ADM Naveen Babu; A case will be taken against Divya

We use cookies to give you the best possible experience. Learn more