കോഴിക്കോട്: കോഴ വാങ്ങി നിയമനം നല്‍കാതെ വഞ്ചിച്ചതില്‍ മനംനൊന്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്‌മെന്റിന്റെ വാദങ്ങള്‍ പൊളിയുന്നു. അധ്യാപികയുടെ നിയമനത്തിന് അംഗീകാരം ലഭിക്കുന്നതിന് തടസ്സമായത് എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭിന്നശേഷി സംവരണമാണ് എന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം.
എന്നാല്‍, നിയമനാംഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവില്‍ ഭിന്നശേഷി സംവരണത്തെ കുറിച്ചുള്ള ഒരു പരാമര്‍ശം പോലുമില്ല. മറിച്ച് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് യഥാസമയം രേഖകള്‍ സമര്‍പ്പിക്കാതിരുന്നതാണ് നിയമനത്തിന് അംഗീകാരം ലഭിക്കാത്തതിന് കാരണമായത് എന്ന് ഈ ഉത്തരവില്‍ എണ്ണമിട്ട് പറയുന്നുമുണ്ട്.
നാല് കാരണങ്ങളാണ് നിയമനാംഗീകാരത്തിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതില്‍ ഒരിടത്തുപോലും ഭിന്നശേഷി സംവരണമാണ് നിയമനത്തിന് തടസ്സമെന്ന് പറയുന്നില്ല. മാത്രവുമല്ല ഏതൊക്കെ രേഖകളാണ് മാനേജ്‌മെന്റ് സമര്‍പ്പിക്കാതിരുന്നത് എന്ന് കൃത്യമായി പറയുന്നുമുണ്ട് ഈ ഉത്തരവില്‍.
താമരശേരി വിദ്യാഭ്യാസ ഓഫീസര്‍ നല്‍കിയ ഉത്തരവില്‍ പറയുന്ന നാല് കാരണങ്ങളും വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി എന്നു തന്നെയാണ്. താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള നസ്രത്ത് മുത്തോറ്റി എല്‍.പി. സ്‌കൂളില്‍ നിന്നും 03/01/2015 ന് സര്‍വീസില്‍ നിന്നും നീക്കം ചെയ്ത ഒരു അധ്യാപികയുടെ ഒഴിവിലേയ്ക്കാണ് അലീന ബെന്നിയെ മാനേജര്‍ നിയമിക്കുന്നത്. എന്നാല്‍ ആ അധ്യാപികയെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തത് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചതിന്റെ രേഖ ഹാജരാക്കിയില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവില്‍ പറയുന്നത്.
മറ്റൊന്ന് 2021-22 വര്‍ഷത്തെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ല എന്നതാണ്. 2021-22 വര്‍ഷത്തെ സമ്പൂര്‍ണ്ണയില്‍ നിന്നുള്ള കുട്ടികളുടെ എണ്ണത്തിന്റെ സംഗ്രഹം സമര്‍പ്പിച്ചിട്ടില്ല എന്നാണ് മൂന്നാമത്തെ കാരണമായി വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അവസാന കാരണമായി 2019 -20 വര്‍ഷത്തെ കുട്ടികളുടെ എണ്ണം പിന്നീടുള്ള വര്‍ഷങ്ങളിലും നിലനില്ക്കുന്നുണ്ട് എന്ന പ്രധാന അധ്യാപികയുടെ സാക്ഷ്യപത്രം സമര്‍പ്പിച്ചില്ല എന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
ഈ രേഖകള്‍ മുഴുവന്‍ സമര്‍പ്പിക്കേണ്ടത് പൂര്‍ണമായും താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്‌മെന്റായിരുന്നു. ഇത് യഥാസമയം നല്‍കാതെ നിയമനത്തിന് അംഗീകാരം ലഭിക്കാതിരുന്നതിന് കാരണം ഭിന്നശേഷി സംവരണമാണ് എന്ന തെറ്റായ വാദം ഉന്നയിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് താമരശ്ശേരി രൂപതക്ക് കീഴിലെ കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി. സകൂളിലെ അധ്യാപിക അലീന ബെന്നി ആത്മഹത്യ ചെയ്തത്. ഇല്ലാത്ത പോസ്റ്റിലേക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് താമരശ്ശേരി രൂപതക്ക് കീഴിലെ മാനേജ്‌മെന്റ് അലീന ബെന്നിയില്‍ നിന്ന് കോഴ വാങ്ങി വഞ്ചിക്കുകയായിരുന്നു.
നാല് വര്‍ഷത്തോളം മുത്തോറ്റില്‍ എല്‍.പി. സ്‌കൂളില്‍ അലീന ജോലി ചെയ്‌തെങ്കിലും ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിച്ചില്ല. പിന്നീട് ആ പോസ്റ്റിലേക്ക് നേരത്തെയുണ്ടായിരുന്ന ടീച്ചര്‍ തിരിച്ചെത്തിയതോടെ അലീനയെ ഇതേ മാനേജ്‌മെന്റിന് കീഴില്‍ തന്നെയുള്ള കോടഞ്ചേരിയിലെ സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. മാത്രവുമല്ല, മുത്തോറ്റില്‍ സ്‌കൂളില്‍ അലീന ജോലി ചെയ്തിട്ടില്ലെന്നുള്ള സത്യവാങ്മൂലം സമ്മര്‍ദത്തിലൂടെ എഴുതി വാങ്ങുകയും ചെയ്തു.
13 ലക്ഷം രൂപയാണ് നിയമനത്തിനായി അലീന ബെന്നി താമരശ്ശേരി രൂപതക്ക് കീഴിലുള്ള മാനേജ്‌മെന്റിന് കോഴ നല്‍കിയത്. എന്നാല്‍ അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും നൂറ് രൂപ പോലും മാനേജ്‌മെന്റില്‍ നിന്ന് തന്റെ മകള്‍ക്ക് ലഭിച്ചില്ലെന്ന് അലീനയുടെ പിതാവ് പറഞ്ഞു. സ്‌കൂളിലെ മറ്റു അധ്യാപകരാണ് അലീനക്ക് വണ്ടിക്കൂലി പോലും പിരിവിട്ട് നല്‍കിയത്.
content highlights: Death of a Teacher; The arguments of the Diocese of Thamarassery fall apart; There is no mention of disability reservation in the order rejecting the application for legalisation