കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കേസിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്,’ അദ്ദേഹം കുറിച്ചു.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. എളേറ്റിൽ വട്ടോളി എം. ജെ. ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
തലക്ക് മാരക ക്ഷതമേറ്റ വിദ്യാർഥി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വട്ടോളി എം. ജെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായ അഞ്ച് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാൽ പോലും പ്രശ്നമില്ലെന്ന വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ വന്ന ഓഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കുട്ടിയെ മുതിർന്നവരും ആക്രമിച്ചെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു.
Content Highlight: Death of a student in Thamarassery; Minister Sivankutty entrusted the investigation to the Director of Public Education