| Thursday, 20th December 2018, 3:48 pm

ഹിന്ദുവാണോ മുസ്‌ലീമാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് മറുപടിയുണ്ടാവില്ല; ഇന്ത്യയില്‍ വളരുന്ന മക്കളെയോര്‍ത്ത് ഭയമുണ്ടെന്ന് നടന്‍ നസിറുദ്ദീന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലാണ് തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നത് എന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്ന് നടന്‍ നസറുദ്ദീന്‍ ഷാ. നിങ്ങള്‍ ഹിന്ദുവാണോ മുസ്‌ലീമാണോ എന്ന് ചോദിക്കുന്ന ഒരു കൂട്ടം ആക്രമാസക്തരായ ആള്‍ക്കൂട്ടത്തിന് നടുവിലാണ് അവര്‍ എന്നത് തന്നെ ഭയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ ഹിന്ദുവാണോ മുസ്‌ലീമാണോ എന്നൊരു ചോദ്യം എന്റെ മക്കള്‍ക്ക് നേരേ വന്നാല്‍ അവര്‍ക്ക് ഒരു ഉത്തരം നല്‍കാനുണ്ടാവില്ല. കാരണം ഞങ്ങള്‍ അവര്‍ക്ക് അത്തരത്തിലൊരു മതം നല്‍കിയിട്ടില്ല. മതവിദ്യാഭ്യാസവും നല്‍കിയിട്ടില്ല. ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ഗുരുതരമായ ഒരു വിഷം കലര്‍ന്നിരിക്കുകയാണെന്നും ഇതിനെ തിരിച്ചുപിടിച്ച് കുപ്പിയിലാക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണെന്നും നസറുദ്ദീന്‍ ഷാ പറയുന്നു.


ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തുന്നത് സ്വയം മൊബൈലില്‍ പകര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകന്‍: ഇ.വി.എമ്മിന്റെ ചിത്രമുള്‍പ്പെടെ പ്രചരിപ്പിച്ചു


നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യമാണ് ഇവിടെയുള്ള ആളുകള്‍ക്ക്. ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്‍ കണ്ടതാണ്.

ബുലന്ദ്ശ്വര്‍ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു നസറുദ്ദീന്റെ പരാമര്‍ശം.

പശുവിനെ കൊന്നവരെ പിടികൂടുകയും പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയവരെ സ്വതന്ത്രരായി വിഹരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ഭരണകൂട സംവിധാനത്തെ കൂടിയാണ് നസറുദ്ദീന്‍ ഷാ വിമര്‍ശിച്ചത്.

“”എന്റെ മക്കള്‍ക്ക് മതപഠനം നല്‍കാന്‍ ഞാന്‍ ഒരുപക്ഷേ തയ്യാറാകുമായിരുന്നു. പക്ഷേ രത്‌ന(നസ്‌റുദ്ദീന്‍ ഷാന്റെ ഭാര്യ) പറഞ്ഞത് അവള്‍ക്ക് അത്തരത്തിലൊരു വിദ്യാഭ്യാസവും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഞങ്ങളുടെ മക്കള്‍ക്കും അത് നല്‍കേണ്ടതില്ലെന്നുമായിരുന്നു. അത് ശരിയാണെന്ന് എനിക്കും തോന്നി.

നന്മയ്ക്കു തിന്മയ്ക്കും മതവുമായി ഒരു ബന്ധവും ഇല്ലെന്ന് തന്നെയാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരത്തില്‍ ഒരു മതപരിസ്ഥിതിയില്‍ അവര്‍ വളരേണ്ടതില്ലെന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ കുട്ടികളെ ഓര്‍ത്ത് ഭയമുണ്ട്.

കാരണം പെട്ടെന്നൊരു ദിവസം ഒരാള്‍ക്കൂട്ടം അവര്‍ക്കു ചുറ്റും കൂടി നിങ്ങള്‍ ഹിന്ദുവാണോ മുസ്‌ലീമാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഒരു ഉത്തരം നല്‍കാന്‍ കഴിയില്ല. കാരണം അവര്‍ക്ക് മതമില്ല. ഞാന്‍ വളരെ ദേഷ്യത്തിലാണ്. ശരിയില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യനും ഈ അവസരത്തില്‍ ദേഷ്യപ്പെടുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു- ഇന്ത്യാ ടുഡേയോട് സംസാരിക്കവേ നസറുദ്ദീന്‍ ഷാ പറഞ്ഞു.

We use cookies to give you the best possible experience. Learn more