|

ശിശുക്ഷേമസമിതിയിലെ കുഞ്ഞിന്റെ മരണം; ന്യുമോണിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുസംരക്ഷണ സമിതിയില്‍ വെച്ച് മരണപ്പെട്ട അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണകാരണം ന്യുമോണിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയായിരുന്നു കുഞ്ഞ് മരണപ്പെട്ടത്. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നായിരുന്നു നേരത്തെ പൊലീസ് റിപ്പോര്‍ട്ടുകള്‍ വന്നത്.

ശ്വാസതടസം കാരണം ശിശുക്ഷേമ സമിതി അംഗങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് മരണപ്പെട്ടത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കുഞ്ഞാണ് ശിശുക്ഷേമ സമിതിയില്‍ നിന്നും അസുഖം ബാധിച്ച് മരണപ്പെട്ടത്.

മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകണമെന്ന് എസ്.എ.ടി ആശുപത്രി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന് ശ്വാസതടസം ഉണ്ടായിരുന്നതായും എസ്.എ.ടി അധികൃതര്‍ പ്രതികരിച്ചിരുന്നു.

കുട്ടിക്ക് അനാരോഗ്യം ഉണ്ടായിരുന്നെന്നും കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നെന്നുമാണ് ശിശുക്ഷേമ സമിതി പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും പറഞ്ഞിരുന്നു.

ശിശുക്ഷേമ സമിതിയില്‍ ഒരു മാസത്തിനിടെ മറ്റൊരു കുട്ടിയും മരണപ്പെട്ടിരുന്നു. ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ശിശുക്ഷേമ സമിതിയില്‍ മരിച്ചിരുന്നു. ഈ സംഭവത്തിലും മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlight: Death of a child in the Child Welfare Committee; Postmortem report says pneumonia

Video Stories