തിരുവനന്തപുരം: പെരുമാതുറയില്‍ മരണപ്പെട്ട പതിനേഴുകാരന്‍ ഇര്‍ഫാന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മസ്തിഷ്‌ക രക്തസ്രാവം മരണത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ ലഹരി ഉപയോഗമാകാം മസ്തിഷ്‌ക രക്തസ്രാവത്തിന് കാരണമെന്നാണ് നിഗമനം.
ആന്തരികാവയവങ്ങളുടെ രാസപരിശോധനക്ക് ശേഷം മാത്രമേ മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകൂ. കഠിനംകുളം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ ഇര്‍ഫാനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയ സുഹൃത്ത് ഫൈസലിനെ പൊലീസ് കസ്റ്റഡിയലെടുത്തു. ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സുഹൃത്തുക്കള്‍ മയക്കുമരുന്ന് നല്‍കിയെന്ന് ഇര്‍ഫാന്‍ പറഞ്ഞതായാണ് രക്ഷിതാക്കള്‍ പറയുന്നത്. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതികളുടെ മകനാണ് ഇര്‍ഫാന്‍. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഇര്‍ഫാനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയെന്നും തിരികെയെത്തിയ പതിനേഴുകാരന് രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നുമാണ വീട്ടുകാര്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീടിനടുത്തുള്ള ആശുപത്രിയിലേക്കാണ് ഇര്‍ഫാനെ ആദ്യം കൊണ്ടു പോയതെന്നും അവിടെ പ്രാഥമിക ചികിത്സകള്‍ നല്‍കിയതായും വീട്ടുകാര്‍ പറയുന്നു. തിരികെ വീട്ടിലെത്തിയ ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെ ഇര്‍ഫാന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇര്‍ഫാന്‍ നേരത്തെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Conent Highlights: Death of 17-year-old in Perumatura; Drug overdose is the cause of death