പാട്‌ന: ബി.ജെ.പിയ്ക്ക് കീഴടങ്ങുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. നേരത്തെ കാലിത്തീറ്റ കുഭകോണക്കേസില്‍ മൂന്നര വര്‍ഷത്തെ തടവിന് ലാലുവിനെ ശിക്ഷിച്ചിരുന്നു. അതിനുപിന്നാലെയാണ് ലാലുവിന്റെ പ്രതികരണം.
“സാമൂഹിക നീതിക്കും സമത്വത്തിനും ഐക്യത്തിനും വേണ്ടി ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ബി.ജെ.പിയ്ക്ക് കീഴടങ്ങുന്നതിലും ഭേദം മരിക്കുന്നതാണ്.”
നേരത്തെ ലാലുവിനെതിരെ മോദി സര്‍ക്കാരും നിതീഷ് കുമാറും ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ മകന്‍ തേജസ്വി യാദവ് ആരോപിച്ചിരുന്നു. ബി.ജെ.പിയ്ക്ക് വഴങ്ങാന്‍ ലാലു തയ്യാറായിരുന്നുവെങ്കില്‍ അദ്ദേഹം ഹരിശ്ചന്ദ്രനെപ്പോലെ സത്യസന്ധനായ വ്യക്തിയായി മാറുമായിരുന്നുവെന്നും തേജസ്വി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ജയില്‍ കഴിഞ്ഞാലും അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള എല്ലാ നീക്കങ്ങളും ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുമെന്നും തേജസ്വി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
പ്രത്യേക സി.ബി.ഐ കോടതിയുടെ ശിക്ഷാ വിധി വിശദമായി പഠിച്ചശേഷം ലാലുവിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ബിഹാറിലെ പ്രതിപക്ഷ നേതാവു കൂടിയായ തേജസ്വി യാദവ് പറഞ്ഞു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് റാഞ്ചിയിലെ പ്രത്യേക കോടതി ലാലുവടക്കം 15 പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിച്ചത്. മൂന്നരവര്‍ഷം തടവിനു പുറമെ അഞ്ച് ലക്ഷം പിഴയും അടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കേസിലെ മറ്റുപ്രതികള്‍ക്കും സമാനമായ ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു കുറ്റക്കാരനാണെന്ന് റാഞ്ചി സി.ബി.ഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
Rather than practising BJP’s Simple Rule – “Follow us or We will Fix you”. I will die happily fixing myself for Social justice, harmony & equality.
— Lalu Prasad Yadav (@laluprasadrjd) January 6, 2018