ന്യൂദല്‍ഹി: അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി. അസമിലെ സോണിത്പൂര്‍, കൊക്രജര്‍ ജില്ലകളിലെ ആദിവാസി മേഖലകളിലാണ് ഇന്നലെ തീവ്രവാദികള്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിനിരയായവരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 67 പേര്‍ ആദിവാസികളും മറ്റുള്ളവര്‍ പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ട തീവ്രവാദികളുമാണ്.
അതേസമയം സ്ഥലത്ത് ആക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇപ്പോഴും സംഭവ സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥക്ക് മാറ്റമുണ്ടായിട്ടില്ല. ആദിവാസികള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നിട്ടുള്ളത്.
സോണിത്പൂരിലും കൊക്രജറിലും കഴിഞ്ഞ മാസങ്ങളില്‍ നടന്ന സമാധാന ചര്‍ച്ചകളോട് എതിര്‍പ്പുള്ള നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡാണ് ആക്രമണം നടത്തിയത്. അടുത്തിടെയായി നിരവധി ബോഡോ തീവ്രവാദികളെ വധിച്ചതിന് പ്രതികാരമായാണ് ആക്രമണമെന്നാണ് സൂചന.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്. അഞ്ചിടങ്ങളിലായാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ ദ്രുതഗതിയില്‍ തന്നെ നടക്കുന്നുണ്ട്.