ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന മതചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 130 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് നിഗമനം.
116 പേരുടെ മരണം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ 108 സ്ത്രീകളും ഏഴ് കുട്ടികളുമാണ് ഉള്ളത്. ഹത്രാസിലെ രതിഭാന്‍പൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഹത്രാസിലെ 85 ആളുകളാണ് അപകടത്തില്‍ മരണപ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചടങ്ങ് അവസാനിച്ചതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടമായി മടങ്ങിപ്പോകാന്‍ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായത്. സ്വയപ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബ നടത്തിയ ‘സത്സംഗ’ എന്ന മത ചടങ്ങിനിടെയാണ് നൂറിലധികം പേര്‍ മരണപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഭോലെ ബാബയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സംസ്ഥാനം വിടാന്‍ സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രാര്‍ത്ഥന ചടങ്ങ് അവസാനിച്ചതിന് പിന്നാലെ തിരിച്ചുപോകാനൊരുങ്ങിയ ഭോലെ ബാബയെ പിന്തുടരാന്‍ ശ്രമിച്ചവരാണ് മരണപ്പെട്ടതിൽ കൂടുതലും. ഇവരുടെ വിശ്വാസപ്രകാരം ഭോലെ ബാബ സഞ്ചരിച്ച പാതയിലെ മണ്ണ് ശേഖരിച്ച് വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാവി സുരക്ഷിതമെന്നാണ്. ഇതിനുവേണ്ടി തിരക്കിനിടയില്‍ മണ്ണെടുക്കാന്‍ ശ്രമിച്ചവരുടെ മുകളിലേക്ക് പിറകില്‍ നിന്ന് വന്നവര്‍ വീഴുകയായിരുന്നു. തുടര്‍ന്നാണ് അപകടം ഉണ്ടായത്.
മതചടങ്ങില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. മതിയായ പൊലീസിന്റെ അഭാവം, ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം, കുടിവെള്ളം, ആംബുലന്‍സ്, ഡോക്ടര്‍മാര്‍ അടക്കമുള്ള സൗകര്യങ്ങളുടെ കുറവും ഉത്തര്‍പ്രദേശില്‍ ആഴ്ചകളായി തുടരുന്ന കനത്ത ചൂടും അപകടത്തിന്റെ തോത് കൂട്ടിയെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Content Highlight: Death count rises to 130 in Hathras accident