തമിഴ്‌നാട്: ക്രിക്കറ്റിന്റെ ടെസ്റ്റ് പതിപ്പിലും ലോകക്കപ്പ് സംഘടിപ്പിക്കണമെന്ന് മുന്‍ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സ്. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാര്‍ ആരാണെന്ന് നിശ്ചയിക്കാന്‍ ലോകക്കപ്പിന്റെ സംഘാടനത്തിലൂടെ എളുപ്പമാകുമെന്നും ജോണ്‍സ് അഭിപ്രായപ്പെട്ടു.
നിലവില്‍ എല്ലാവരും ടെസ്റ്റില്‍ പരസ്പരം ഏറ്റ് മുട്ടുന്നുണ്ട്. മാറിമാറി ഓരോ ടീമും ജയിക്കുന്നുമുണ്ട്. പക്ഷെ അത് കൊണ്ടൊന്നും ലോകത്തെ മികച്ച ടെസ്റ്റ് ടീമേതാണെന്ന് കണ്ടെത്താന്‍ കഴിയില്ല. ലോകക്കപ്പ് സംഘടിപ്പിക്കുകയാണെങ്കില്‍ ഇതിനൊരു പരിഹാരമാവും ജോണ്‍സ് പറയുന്നു.
“ടെസ്റ്റില്‍ ലോകക്കപ്പ് സംഘടിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. നേരത്തെ ആസ്‌ട്രേലിയയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ ലോകത്തിലെ നമ്പര്‍ വണ്‍ ടീം. പക്ഷെ ആസ്‌ട്രേലിയ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളായ സിംബാവെയ്ക്കും ബംഗ്ലാദേശിനുമെതിരെ വേണ്ടത്ര കളിച്ചിരുന്നില്ല. നിലവില്‍ പാക്കിസ്താനാണ് ലോക ഒന്നാം നമ്പര്‍. പക്ഷെ ഇന്ത്യയുമായി അടുത്ത കാലത്തൊന്നും പാക്കിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.
അത് കൊണ്ട് തന്നെ അവര്‍ ഒന്നാം നമ്പറാണെന്ന് എങ്ങിനെ വിലയിരുത്താനാവും. ടെസ്റ്റില്‍ ഒരു ലോകക്കപ്പ് സംഘടിപ്പിക്കാതെ ഇതിനൊരു ശാശ്വത പരിഹാരമാവുമെന്ന് എനിക്ക് തോന്നുന്നില്ല. ലോകക്കപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ ഡെ നൈറ്റ് മ്ത്സരങ്ങളാവും ഒന്നു കൂടി അഭികാമ്യമെന്നും ജോണ്‍സ് പറഞ്ഞു.
നിലവില്‍ ക്രിക്കറ്റിന് മൂന്ന് ഫോര്‍മാറ്റുകളാണുള്ളത്, ടെസ്റ്റ്, ഏകദിനം, ടി-ട്വിന്റി. ഇതില്‍ ഏകദിനത്തിനും ടി-ട്വന്റിക്കും ലോകക്കപ്പ് മത്സരങ്ങള്‍ ഉണ്ട്. ഏകദിന മത്സങ്ങള്‍ക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴും ടി-ട്വിന്റിക്ക് രണ്ട് വര്‍ഷം കൂടുമ്പോഴുമാണ് ലോകക്കപ്പ് സംഘടിപ്പിക്കാറ്.
എന്നാല്‍ അഞ്ച് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ടെസ്റ്റ് ഫോര്‍മാറ്റിന് ഇത് വരെ ലോകക്കപ്പ് സംഘടിപ്പിച്ചിട്ടില്ല. മറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ളത് പോലെ ഡെ നൈറ്റ് മത്സരങ്ങള്‍ ടെസ്റ്റിലും പതിവുള്ളതല്ല. പകല്‍ വെളിച്ചത്തിലാണ് സാധാരണ ടെസ്റ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ളത്.