ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കാല്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോഴിതാ ആവേശകരമായ മത്സരത്തിനു മുന്നോടിയായി സൗത്ത് ആഫ്രിക്കന്‍ ടീമിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രോട്ടിയാസ് ബാറ്റര്‍ ഡീന്‍ എല്‍ഗര്‍.
സൗത്ത് ആഫ്രിക്കക്ക് വേണ്ടി ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഈ ടെസ്റ്റ് വിജയം ഒരു ലോകകപ്പ് വിജയത്തെ പോലെ കരുതുമെന്നാണ് എല്‍ഗര്‍ പറഞ്ഞത്.
‘ഞാന്‍ ജയിക്കാന്‍ വേണ്ടിയാണ് ഈ മത്സരം കളിക്കുന്നത്. കളത്തിലെ കണക്കുകള്‍ എനിക്ക് പ്രശ്‌നമല്ല. ഓരോ പരമ്പരയും വിജയിക്കുകയാണ് വേണ്ടത്. അവയപ്പോഴും ടീമിന് മികച്ച ഓര്‍മകള്‍ സമ്മാനിക്കും. എനിക്ക് ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഈ ടെസ്റ്റ് വിജയം ഞാനൊരു ലോകകപ്പ് വിജയം പോലെ കരുതും,’ എല്‍ഗര്‍ പറഞ്ഞു.
അവസാന മത്സരത്തില്‍ സമനില വഴങ്ങിയാല്‍ പോലും ഇത് ഒരു തോല്‍വിക്ക് സമമാണെന്നും എല്‍ഗര്‍ പറഞ്ഞു.
‘ രണ്ടാം ടെസ്റ്റില്‍ ഒരു സമനില പോലും ഞങ്ങള്‍ക്ക് വലിയ നഷ്ടമായിരിക്കും നല്‍കുക. ഈ ടെസ്റ്റ് ഞങ്ങള്‍ക്ക് വളരെ വലുതാണ്. കേപ് ടൗണില്‍ പുതുവര്‍ഷത്തില്‍ ഇവിടെ വിജയിക്കാന്‍ സാധിച്ചാല്‍ അത് വലിയ ഒരു കാര്യമായിരിക്കും,’ എല്‍ഗര്‍ കൂട്ടിചേര്‍ത്തു.
അതേസമയം ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനമാണ് എല്‍ഗര്‍ കാഴ്ചവെച്ചത്. 185 റണ്‍സ് നേടിയായിരുന്നു എല്‍ഗറുടെ മിന്നും പ്രകടനം. ക്യാപ്റ്റന്‍ ടെംമ്പ ബാവുമയുടെ അഭാവത്തില്‍ ഇന്ത്യയ്‌ക്കെതിരെ എല്‍ഗര്‍ ആയിരിക്കും സൗത്ത് ആഫ്രിക്കന്‍ ടീമിനെ നയിക്കുക.
Content Highlight: Dean Elgar talks India vs South Africa 2nd test.