ഇങ്ങേര്‍ എന്തിനാണ് വിരമിക്കുന്നത്? ഇന്ത്യക്കെതിരെ ആദ്യം, ഐതിഹാസിക റെക്കോഡിട്ട് എല്‍ഗര്‍
Sports News
ഇങ്ങേര്‍ എന്തിനാണ് വിരമിക്കുന്നത്? ഇന്ത്യക്കെതിരെ ആദ്യം, ഐതിഹാസിക റെക്കോഡിട്ട് എല്‍ഗര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th December 2023, 9:04 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക ലീഡ് നേടിയിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 245 റണ്‍സിന്റെ ടോട്ടല്‍ മറികടന്നാണ് പ്രോട്ടിയാസ് ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയത്.

ഓപ്പണര്‍ ഡീന്‍ എല്‍ഗറിന്റെ സെഞ്ച്വറിയും നാലാം നമ്പറില്‍ ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ ഡേവിഡ് ബെഡ്ഡിങ്ഹാമിന്റെ അര്‍ധ സെഞ്ച്വറിയുമാണ് പ്രോട്ടിയാസിന് ലീഡ് നേടിക്കൊടുത്തത്. 87 പന്തില്‍ 56 റണ്‍സാണ് ബെഡ്ഡിങ്ഹാം അരങ്ങേറ്റ ടെസ്റ്റില്‍ കുറിച്ചത്.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 14ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ എല്‍ഗര്‍ ഒരു തകര്‍പ്പന്‍ റെക്കോഡും തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. സെഞ്ചൂറിയനില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഇതിന് പുറമെ സ്വന്തം മണ്ണില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന മൂന്നാമത് പ്രോട്ടിയാസ് ഓപ്പണര്‍ എന്ന നേട്ടവും എല്‍ഗര്‍ സ്വന്തമാക്കി. 1997ല്‍ ഗാരി കേഴ്സ്റ്റണാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ശേഷം ഹെര്‍ഷല്‍ ഗിബ്‌സ് രണ്ട് തവണ ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്കയില്‍ സെഞ്ച്വറി നേടിയിരുന്നു.

തന്റെ കരിയറിലെ അവസാന പരമ്പരയാണ് ഡീന്‍ എല്‍ഗര്‍ ഇന്ത്യക്കെതിരെ കളിക്കുന്നത്. ഈ പരമ്പരക്ക് പിന്നാലെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.

മറ്റൊരു ടെസ്റ്റ് വിജയവുമായി പടിയിറങ്ങാനാണ് എല്‍ഗര്‍ ഒരുങ്ങുന്നത്. സൗത്ത് ആഫ്രിക്കയാകട്ടെ എല്‍ഗറിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

അതേസമയം, നിലവില്‍ 64 ഓവര്‍ പിന്നിടുമ്പോള്‍ സൗത്ത് ആഫ്രിക്ക 254ന് അഞ്ച് എന്ന നിലയിലാണ്. നിലവില്‍ ഒമ്പത് റണ്‍സ് ലീഡാണ് സൗത്ത് ആഫ്രിക്കക്കുള്ളത്. 207 പന്തില്‍ നിന്നും 139 റണ്‍സുമായി ഡീന്‍ എല്‍ഗറും അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി മാര്‍കോ യാന്‍സെനുമാണ് ക്രീസില്‍.

 

Content highlight: Dean Elgar is the first South African opener to score a century against Indian in Centurion