ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കക്കായി സെഞ്ച്വറി പൂര്‍ത്തിയാക്കി സ്റ്റാര്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍. ഈ പരമ്പരയോടെ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന്‍ ഒരുങ്ങുന്ന എല്‍ഗര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നേരിട്ട 140ാം പന്തിലാണ് പ്രോട്ടിയാസ് ഓപ്പണല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 19 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് എല്‍ഗര്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലെ 14ാം സെഞ്ച്വറി സെഞ്ചൂറിയനില്‍ കുറിച്ചത്.
ഇന്ത്യക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിന് മുമ്പ് 84 മത്സരത്തില്‍ നിന്നും 149 ഇന്നിങ്‌സിലാണ് എല്‍ഗര്‍ ബാറ്റേന്തിയത്. 37.28 എന്ന ശരാശരിയിലും 47.38 എന്ന സ്‌ട്രൈക്ക് റേറ്റിലും 5,146 ടെസ്റ്റ് റണ്‍സാണ് ഡീന്‍ എല്‍ഗര്‍ തന്റെ പേരില്‍ കുറിച്ചത്. 23 അര്‍ധ സെഞ്ച്വറികളും ഇക്കൂട്ടത്തില്‍ പെടും.
സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് ശേഷവും എല്‍ഗര്‍ ക്രീസില്‍ തുടരുകയാണ്. നിലവില്‍ 45 ഓവര്‍ പിന്നിടുമ്പോള്‍ 181ന് മൂന്ന് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 151 പന്തില്‍ നിന്നും 107 റണ്‍സുമായി എല്‍ഗറും 39 പന്തില്‍ 29 റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.
സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും എല്‍ഗര്‍, ടോണി ഡി സോര്‍സിയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തി. 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
സോര്‍സിയെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് അവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. ജെയ്‌സ്വാളിന്റെ കൈകളിലെത്തിച്ചാണ് ബുംറ സോര്‍സിയെ പുറത്താക്കിയത്. 62 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ കീഗന്‍ പീറ്റേഴ്‌സണെ ബുംറ വളരെ വേഗം മടക്കി. ഏഴ് പന്തില്‍ രണ്ട് റണ്‍സ് നേടി പീറ്റേഴ്‌സണ്‍ ബുംറയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.
അഞ്ചാം നമ്പറിലെത്തിയ ബെഡ്ഡിങ്ഹാമിനെ കൂട്ടുപിടിച്ച് എല്‍ഗര്‍ സ്‌കോര്‍ ഉയര്‍ത്തുകയാണ്. ഇരുവരും ചേര്‍ന്ന് ഇതിനോടകം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്. 101 റണ്‍സാണ് രാഹുല്‍ നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കക്കായി കഗീസോ റബാദ അഞ്ച് വിക്കറ്റ് നേടി. നാന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സെനും ജെറാള്‍ഡ് കോട്‌സിയും ഓരോ വിക്കറ്റും നേടി.
Content Highlight: Dean Elgar completes 14th test century