ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പ്രോട്ടിയാസിന് മുമ്പില്‍ വീണത്.
ആദ്യ ഇന്നിങ്‌സില്‍ 163 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ 131 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. വിരാട് കോഹ്‌ലി മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ചെറുത്ത് നില്‍ക്കാനെങ്കിലും ശ്രമിച്ചത്.
സൗത്ത് ആഫ്രിക്കക്കായി തന്റെ അവസാന പരമ്പര കളിക്കുന്ന ഡീന്‍ എല്‍ഗറാണ് ഇന്ത്യയെ ഛിന്നഭിന്നമാക്കിയത്. എല്‍ഗറിന്റെ സെഞ്ച്വറിയാണ് സൗത്ത് ആഫ്രിക്കക്ക് ആദ്യ ഇന്നിങ്‌സില്‍ ലീഡ് സമ്മാനിച്ചത്. 185 റണ്‍സാണ് താരം ആദ്യ ഇന്നിങ്‌സില്‍ നേടിയത്.
എല്‍ഗറിന് പുറമെ മാര്‍കോ യാന്‍സെന്‍, അരങ്ങേറ്റക്കാരന്‍ ഡേവിഡ് ബെഡ്ഡിങ്ഹാം എന്നിവരുടെ അര്‍ധ സെഞ്ച്വറിയും സൗത്ത് ആഫ്രിക്കയെ തുണച്ചു. തന്റെ കരിയറിലെ 14ാം ടെസ്റ്റ് സെഞ്ച്വറി നേടിയ ഡീന്‍ എല്‍ഗറിനെയാണ് കളിയിലെ കേമനായി തെരഞ്ഞെടുത്തത്.
മത്സര ശേഷം എല്‍ഗര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യ വളരെ കരുത്തുറ്റ ടീമാണെന്നും തോല്‍വിയില്‍ നിന്നും തിരിച്ചുവരാന്‍ അവര്‍ക്ക് സാധിക്കുമെന്നുമാണ് എല്‍ഗര്‍ പറഞ്ഞത്.
‘ഇന്ത്യന്‍ ടീം എത്രത്തോളം ശക്തമാണെന്നും തങ്ങളുടെ ദിവസം അവര്‍ എത്രത്തോളം അപകടകാരികളാകുമെന്നും വ്യക്തമായ ബോധ്യം ഞങ്ങള്‍ക്കുണ്ട്. അവര്‍ തിരിച്ചുവരും. രണ്ടാം ടെസ്റ്റില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്കെതിരെ പുറത്തെടുക്കും,’ എല്‍ഗര്‍ പറഞ്ഞു.
ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംസാരിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോഹ്‌ലി വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെന്നും ഒത്തൊരുമിച്ചുള്ള പ്രകടനമാണ് ഇന്ത്യക്ക് ആവശ്യമെന്നുമായിരുന്നു രോഹിത് പറഞ്ഞത്. രണ്ടാം ടെസ്റ്റില്‍ ശക്തമായി തന്നെ തിരിച്ചുവരുമെന്നും രോഹിത് പറഞ്ഞു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലേക്കുയര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട് എല്‍ഗറും കൂട്ടരും ലീഡ് നേടി.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സൗത്ത് ആഫ്രിക്കന്‍ പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. നാന്ദ്രേ ബര്‍ഗര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറ റണ്‍ ഔട്ടായപ്പോള്‍ കഗീസോ റബാദയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ജനുവരി മൂന്നിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂലാന്‍ഡ്‌സാണ് വേദി.
Content Highlight: Dean Elgar about Team India