ഖത്തർ ലോകകപ്പിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഞെട്ടിക്കുന്ന അട്ടിമറി ജയങ്ങളാണ് സംഭവിച്ചത്. കിരീട സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെട്ടിരുന്ന അർജന്റീനയെ സൗദി അറേബ്യ അട്ടിമറിക്കുകയായിരുന്നു.
അതേ സ്‌കോറിന് തന്നെയാണ് മറ്റൊരു ഏഷ്യൻ ടീമായ ജപ്പാൻ ജർമനിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് അട്ടിമറികളും ഫുട്‌ബോൾ ലോകത്ത് വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്ന് കിരീട ഫേവറിറ്റുകളായ ബ്രസീലും പോർച്ചുഗലും മത്സരത്തിന് വേണ്ടി ഇറങ്ങുമ്പോൾ വലിയ ആശങ്ക പ്രകടിപ്പിക്കുകയാണ് ആരാധകർ. എന്നാൽ ഈ സമ്മർദം കാര്യമാക്കുന്നില്ലെന്നും ഫുട്‌ബോളിൽ ചരിത്ര വിജയം നേടിയ പാരമ്പര്യമാണ് ബ്രസീലിനുള്ളതെന്നുമാണ് കോച്ച് ടിറ്റെ പറഞ്ഞത്.
‘ഈ സമ്മർദം സ്വാഭാവികമാണ്. വലിയ വിജയം നേടിയ ചരിത്രമുള്ള ടീമാണ് ബ്രസീൽ. കൂടാതെ ലോകോത്തര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രമുഖ താരങ്ങളും ഞങ്ങളുടെ ടീമിലുണ്ട്. ലോകകപ്പ് നേടുകയെന്നത് ഞങ്ങളുടെ സ്വപ്‌നമാണ്. അതുകൊണ്ട് ഈ സമ്മർദം ഞങ്ങൾ കാര്യമാക്കുന്നില്ല,’ ടിറ്റെ പറഞ്ഞു
ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിൽ നടക്കുന്ന അട്ടിമറി വിജയത്തെ കുറിച്ചും ടിറ്റെ സംസാരിച്ചിരുന്നു. നമ്മൾ എല്ലാ ടീമുകളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും എല്ലാവരും നാഷണൽ ടീമുകളാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
🎙Tite:
“You must respect, because they are all national teams. But the upsets serves as analysis, yes. There is no greatness, nor greater or lesser.” pic.twitter.com/eReGbK9TsM
തീർച്ചയായും ഇത്തരത്തിലുള്ള തോൽവികൾ ടീമുകൾക്ക് നിരാശ നൽകുമെന്നും അതിന്റെ കാരണങ്ങൾ വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും ടിറ്റെ കൂട്ടിച്ചേർത്തു. ഇവിടെ ആരും ഉയരത്തിലോ താഴെയോ ഉള്ളവരല്ലെന്നും വേൾഡ് കപ്പിൽ എല്ലാവരും സമന്മാരാണെന്നും കോച്ച് വ്യക്തമാക്കി.
ലോകകപ്പ് പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും തകർത്തെറിഞ്ഞുകൊണ്ടാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇന്ന് സെർബിയയാണ് ബ്രസീലിന്റെ എതിരാളികൾ. രാത്രി 12:30നാണ് ഈ മത്സരം നടക്കുക. അർജന്റീനക്കും ജർമനിക്കും സംഭവിച്ചത് ആവർത്തിക്കാതിരിക്കാനും ഒരു മികച്ച വിജയത്തോടെ മത്സരം ആരംഭിക്കാനും പദ്ധതിയിട്ടായിരിക്കും കാനറിയന്മാർ ഇന്ന് കളത്തിലിറങ്ങുക.