ഷാജഹാന്‍പൂര്‍: മോഷണക്കുറ്റം ആരോപിച്ച് ബധിരനും മൂകനുമായ ദളിത് യുവാവിനെ തൊഴിലുടമ മര്‍ദ്ദിക്കുകയും ഷോക്കേല്‍പ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ ഖേരി ജില്ലയിലാണ് യോഗേഷ് വര്‍മ എന്ന തൊഴിലുടമയുടെ ക്രൂര നടപടി. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ റോഡിലുപേക്ഷിച്ചതായും പരാതിയുണ്ട്. യോഗേഷിനെതിരെ പൊലീസ് ഐ.പി.സി 323 പ്രകാരവും എസ്.സി എസ്.ടി ആക്ട് പ്രകാരവും കേസെടുത്തു.
കമലേഷ് കുമാര്‍ എന്ന ദളിത് യുവാവിനാണ് ഈ ദുരനുഭവം. അച്ഛന്‍ മരിച്ച ശേഷം യോഗേഷിന് കീഴില്‍ ജോലിക്ക് കയറിയതാണ് കമലേഷ്. വ്യാഴാഴ്ച ജോലിക്ക് പോയ കമലേഷിനെ പിന്നീട് വെള്ളിയാഴ്ച വൈകിട്ട് അബോധാവസ്ഥയില്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തന്നെ മര്‍ദ്ദിച്ചതായും സ്വകാര്യഭാഗങ്ങളില്‍ ഷോക്കേല്‍പ്പിച്ചതായും ബോധം വന്ന ശേഷം കമലേഷ് ബന്ധുക്കളോട് പറഞ്ഞു.
“അദ്ദേഹത്തിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. അദ്ദേഹം പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത് ഞങ്ങള്‍ പൊലീസിനോടും പറഞ്ഞിട്ടുണ്ട്.” – കമലേഷിനെ ചികിത്സിച്ച ഡോക്ടര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
ഐ.പി.സി 323 പ്രകാരം പീഡനമേല്‍പ്പിച്ചതിനും എസ്.എസി എസ്.ടി ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്.സി എസ്.ടി വകുപ്പ് ഉള്‍പ്പെട്ടതിനാല്‍ കേസ് സര്‍ക്കിള്‍ ഒഫിസ് നേരിട്ട് അന്വേഷിക്കുമെന്നും സ്റ്റേഷന്‍ ഓഫീസര്‍ അജയ് യാദവ് അറിയിച്ചു. കുറ്റാരോപിതന്‍ ഉടന്‍ അറസ്റ്റിലാവുമെന്നും അദ്ദേഹം പറഞ്ഞു.