കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടാതായി പരാതി. കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കേള്‍വി ശക്തി തിരിച്ചുകിട്ടാതെ ശേഷിക്കുന്ന തുക അടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രോഗിയേയും ബന്ധുക്കളേയും ആശുപത്രി അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി സാറയുടെ മകന്‍ റയീസി (20) ന്റെ കേള്‍വിശക്തിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബേബി മെമോറിയലില്‍ നെഫ്രോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു റയീസ്. []
ശസ്ത്രക്രിയയുടെ മുന്നോടിയായി രോഗിയുടെ രണ്ട് ചെവികളും ഡോക്ടര്‍മാര്‍ വൃത്തിയാക്കിയിരുന്നു. അതിനുശേഷമാണ് കേള്‍വിശക്തി നഷ്ടമായത്. ശസ്ത്രക്രിയക്ക് ശേഷം കേള്‍വിശക്തി ശരിയാകുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും കേള്‍വിശക്തി തിരിച്ചുകിട്ടിയില്ല. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
റയീസിന്റെ ചികിത്സക്ക് വേണ്ടി 1,72,000 രൂപ ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. ശസ്ത്രക്രിയയെ തുടര്‍ന്ന് 92,000 രൂപ ഇനി ആശുപത്രിയില്‍ അടയ്ക്കാനുമുണ്ട്. കേള്‍വിശക്തി തിരിച്ചുകിട്ടാതെ ശേഷിക്കുന്ന തുക അടക്കാന്‍ കഴിയില്ലെന്ന് റയീസിന്റെ കുടുംബാംഗങ്ങളും ചികിത്സാ സഹായകമ്മിറ്റിയും ആശുപത്രി അധികാരികളോട് പറഞ്ഞു.
പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബാക്കി തുക നല്‍കാതെ ആശുപത്രി വിട്ട് പുറത്തുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് രോഗിയെയും രക്ഷകര്‍ത്താക്കളെയും അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ആശുപത്രിയുടെ ഭാഗത്തുനിന്നും നഷ്ടപ്പെട്ട കേള്‍വിശക്തി ശരിയാക്കുന്നതിന് യാതൊരുറപ്പും നല്‍കുന്നുമില്ല. പണം നല്‍കാതെ ആശുപത്രി വിടുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചത് ചെറിയതോതില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നടക്കാവ് പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രി അധികൃതര്‍ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്.
നാട്ടിലുള്ള ഒരു കൂട്ടായ്മയാണ് റയീസിന്റെ ചികിത്സ ചെലവ് വഹിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് റയീസും കുടുംബാംഗങ്ങളും.