|

വയലന്‍സിന്റെ അതിപ്രസരം, എന്നിട്ടും രണ്ട് സിനിമയും രണ്ട് ദിവസം കൊണ്ട് നേടിയത് റെക്കോഡ് കളക്ഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളാണ് ധനുഷ് ചിത്രം രായനും മാര്‍വല്‍ ചിത്രമായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനും. ധനുഷിന്റെ 50ാമത് സിനിമയെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികള്‍ രായന് കാത്തിരുന്നപ്പോള്‍ എക്‌സ് മെന്‍ സീരീസില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വോള്‍വറിന്‍ മാര്‍വലിലേക്ക് കടന്നുവരുന്നത് കാണാനാണ് മാര്‍വല്‍ ആരാധകര്‍ കാത്തിരുന്നത്.

വയലന്‍സിന്റെ അതിപ്രസരമുള്ളതുകൊണ്ട് രണ്ട് സിനിമകള്‍ക്കും ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. എന്നാല്‍ രണ്ട് ചിത്രങ്ങളും റെക്കോഡ് കളക്ഷനാണ് ആദ്യ രണ്ട് ദിവസം കൊണ്ട് നേടിയത്. ആദ്യദിനം വേള്‍ഡ് വൈഡായി 24 കോടിയാണ് രായന്‍ നേടിയത്. തമിഴ്‌നാട് ബോക്‌സ് ഓഫീസിലെ ടയര്‍ 2 നടന്മാരിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണ് ധനുഷ് രായനിലൂടെ സ്വന്തമാക്കിയത്.

രണ്ടാം ദിനം 26 കോടി നേടി 50 കോടി ക്ലബ്ബിലും രായന്‍ ഇടം നേടി. ഈ വര്‍ഷം ധനുഷിന്റെ രണ്ടാമത്തെ 50 കോടി ചിത്രമാണ് രായന്‍. അരുണ്‍ മാതേശ്വരന്റെ സംവിധാനത്തില്‍ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ക്യാപ്റ്റന്‍ മില്ലറിനും മികച്ച പ്രതികരണമായിരുന്നു. 90 കോടിയോളം ചിത്രം കളക്ട് ചെയ്തു. കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അതേസമയം സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ ബോക്‌സ് ഓഫീസ് വേട്ട നടത്തുന്നത്. ആദ്യദിനം തന്നെ 205 മില്ല്യണ്‍ നേടിയ ചിത്രം ആര്‍ റേറ്റഡ് സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടുന്ന സിനിമയായി മാറി. ഇതിനോടകം 500 മില്ല്യണിടുത്ത് ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടുന്ന മാര്‍വലിന്റെ ആദ്യ ആര്‍ റേറ്റഡ് സിനിമയായി ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ മാറുമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ കുറച്ച് കാലമായി മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന മാര്‍വലിന്റെ തിരിച്ചുവരവിനാണ് ഡെഡ്പൂളിലൂടെ കാണാന്‍ സാധിക്കുന്നത്. എന്‍ഡ് ഗെയിമിന് ശേഷം പുറത്തിറങ്ങിയ ഭൂരിഭാഗം മാര്‍വല്‍ ചിത്രങ്ങളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. വന്‍ പ്രതീക്ഷയില്‍ വന്ന പല സീരീസുകള്‍ക്കും മോശം പ്രതികരണമാണ് ലഭിച്ചത്. എക്‌സ് മെന്‍ ആരാധകരും മാര്‍വല്‍ ആരാധകരും ഒരുപോലെയാണ് ഡെഡ്പൂളിന്റെ വിജയം ആഘോഷിക്കുന്നത്.

Content Highlight: Deadpool & Volverine and Raayan got record collection in two days