| Monday, 12th February 2024, 8:14 am

ഞാനാണ് മിശിഹ... ആരാധകര്‍ കാത്തിരുന്ന മാര്‍വല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂപ്പര്‍ഹീറോ സിനിമകളുടെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. മാര്‍വല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡെഡ്പൂള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ടീസര്‍ മാര്‍വല്‍ പുറത്തുവിട്ടു. വേഡ് വില്‍സന്‍/ഡെഡ്പൂളായി റയാന്‍ റെയ്‌നോള്‍ഡ്‌സ് എത്തുന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ഡെഡ്പൂളിനൊപ്പം മറ്റൊരു സൂപ്പര്‍ഹീറോ കൂടി എത്തുന്നു എന്നതാണ് പ്രതീക്ഷ കൂട്ടാന്‍ കാരണം.

എക്‌സ് മെന്‍ സീരീസുകളിലൂടെ പ്രേക്ഷകപ്രീതി നേടിയ വോള്‍വറിന്‍ എന്ന സൂപ്പര്‍ഹീറോയും ഈ സിനിമയില്‍ വരുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള അനൗണ്‍സ്‌മെന്റ് വീഡിയോക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ലോക്കി സിരീസിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ ടി.വി.എ (ടൈം വേരിയന്റ് അതോറിറ്റി) വേഡിനെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ ഡെഡ്പൂള്‍ നടത്തുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

എന്നാല്‍ ഈ സിനിമയിലെ ടി.വി.എ മറ്റൊരു യൂണിവേഴ്‌സിലാണ് നടക്കുന്നതെന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്. ടീസറിന്റെ ഒടുവില്‍ വോള്‍വറിന്റെ നിഴല്‍ കാണിക്കുന്ന സീനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2020ലാണ് സോണിയില്‍ നിന്നും വോള്‍വറിനെ മാര്‍വല്‍ വാങ്ങിയത്. രണ്ട് ഫ്രാഞ്ചൈസികളിലും ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍ഹീറോസ് ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. 2024 ജൂലൈ 26ന് ചിത്രം തിയേറ്റിലെത്തും.

എന്‍ഡ്‌ഗെയിമിന് ശേഷം പഴയ പ്രതാപം നഷ്ടപ്പെട്ട മാര്‍വലിന്റെ തിരിച്ചുവരവാകും ഡെഡ്പൂളെന്നാണ് ആരാധകര്‍ കരുതുന്നത്. എന്‍ഡ് ഗെയിമിന് ശേഷം റിലീസായ മാര്‍വല്‍ സിനിമകളില്‍ സ്‌പൈഡര്‍മാന്‍- നോ വേ ഹോം ഒഴികെ ബാക്കി ഒന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. വോക്ക് കള്‍ച്ചറിന്റെ അതിപ്രസരം മൂലം മാര്‍വലിന്റെ ഷീ ഹള്‍ക്ക്, മിസ് മാര്‍വല്‍സ് എന്നീ സീരീസുകള്‍ക്കും, തോര്‍ ലവ് ആന്‍ഡ് തണ്ടര്‍, മാര്‍വല്‍സ് എന്നീ സിനിമകള്‍ക്കും മോശം പ്രതികരണമാണ് ലഭിച്ചത്. ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ മാര്‍വലിന്റെ തിരിച്ചുവരവാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Deadpool and Wolverine teaser out

We use cookies to give you the best possible experience. Learn more