ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര കുതിപ്പ് തുടരുകയാണ് മാര്‍വല്‍ ചിത്രം ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടപ്പോള്‍ 820 മില്ല്യണാണ് ചിത്രം സ്വന്തമാക്കിയത്. എന്‍ഡ് ഗെയിമിന് ശേഷം റിലീസായ മാര്‍വല്‍ ചിത്രങ്ങളില്‍ മൂന്നാമത്തെ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ നേടിയിരിക്കുന്നത്. ഡെഡ്പൂളായി റയാന്‍ റെയ്‌നോള്‍ഡ്‌സും, വോള്‍വറിനായി ഹ്യൂ ജാക്ക്മാനും തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ്.
ഇതേ കളക്ഷന്‍ തുടരുകയാണെങ്കില്‍ വണ്‍ ബില്ല്യണ്‍ ക്ലബ്ബില്‍ ഇടം നേടുന്ന മാര്‍വലിന്റെ ആദ്യ ‘R’ റേറ്റഡ് ചിത്രമായി മാറാന്‍ ഡെഡ്പൂള്‍ ആന്‍ഡ് വേള്‍വറിന് സാധിക്കും. ചിരവൈരികളായ ഡി.സിയുടെ ജോക്കര്‍ നേടിയ ലൈഫ്‌ടൈം കളക്ഷന്‍ മറികടക്കാനാണ് മാര്‍വല്‍ ലക്ഷ്യമിടുന്നത്. വണ്‍ ബില്ല്യണ്‍ ക്ലബ്ബില്‍ ഇടം നേടിയ ആദ്യ ‘R’ റേറ്റഡ് ചിത്രമായിരുന്നു വോക്കിന്‍ ഫീനിക്‌സ് നായകനായ ജോക്കര്‍.
കുട്ടിക്കാലം മനോഹരമാക്കിയ സ്‌പൈഡര്‍മാന്‍ സീരീസിലെ ടോബി മഗ്വെയറിനെയും ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിനെയും ഒരു സിനിമയിലെത്തിച്ച സ്‌പൈഡര്‍മാന്‍ നോ വേ ഹോമും, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച് മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്സുമാണ് ഡെഡ്പൂളിന് മുന്നിലുള്ളത്. തുടര്‍ പരാജയങ്ങളില്‍ പെട്ട് ഫോം നഷ്ടപ്പെട്ട മാര്‍വല്‍ ഫ്രാഞ്ചൈസിയുടെ തിരിച്ചുവരവാണ് ഡെഡ്പൂളിലൂടെ സാധ്യമായിരിക്കുന്നത്.
20th സെഞ്ച്വറി ഫോക്‌സില്‍ നിന്ന് എക്‌സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍ എന്നീ സിനിമകളുടെ റൈറ്റ്‌സ് നേടിയ മാര്‍വല്‍ അവരുടെ കോമിക്‌സിന്റെ ശൃംഖല വലുതാക്കിയിരിക്കുകയാണ്. ഇനി പുറത്തുവരാന്‍ ഇരിക്കുന്ന അവഞ്ചേഴ്‌സ് ഡൂംസ് ഡേയും, സീക്രട്ട് വാര്‍സും സംവിധാനം ചെയ്യാന്‍ റൂസ്സോ ബ്രദേഴ്‌സിനെ തിരികെ വിളിച്ചതും മാര്‍വലിന്റെ തിരിച്ചുവരവ് വെറുതെയാകില്ലെന്നുള്ള സൂചനയാണ് നല്‍കുന്നത്.
എന്‍ഡ് ഗെയിമിന് വലിയ പ്രതീക്ഷയില്‍ പുറത്തിറക്കിയ പല മാര്‍വല്‍ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. 2023ല്‍ പുറത്തിറങ്ങിയ ദി മാര്‍വല്‍സ് സൂപ്പര്‍ഹീറോ ചിത്രങ്ങളിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി. നിരൂപകരും പ്രേക്ഷകരും ഒരുപോലെ കൈയൊഴിഞ്ഞ ചിത്രത്തിന് ശേഷം തിയേറ്ററിലെത്തിയ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ മാര്‍വലിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
Content Highlight: Deadpool and Wolverine earned 820 million collection in eight days