കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രതാപം നഷ്ടപ്പെട്ട മാര്‍വലിന്റെ തിരിച്ചുവരവാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍. ഡെഡ്പൂള്‍ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രത്തില്‍ എക്‌സ് മെന്‍ സീരീസിലെ വോള്‍വറിനെയും ഉള്‍പ്പെടുത്തിയത് ആരാധകരെ ഞെട്ടിച്ചു. വോള്‍വറിനായി പല നടന്മാരുടെ പേര് ഉയര്‍ന്നുകേട്ടെങ്കിലും 17 വര്‍ഷത്തോളം വോള്‍വറിന്‍ എന്ന കഥാപാത്രമായി മനസില്‍ കടന്നുകൂടിയ ഹ്യൂ ജാക്ക്മാനെ തന്നെ മാര്‍വല്‍ തിരിച്ചുവിളിക്കുകയായിരുന്നു.
എക്‌സ് മെന്‍, മാര്‍വല്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ പറ്റുന്ന ഒരുപിടി കാമിയോകളായിരുന്നു ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം റയാന്‍ റെയ്‌നോള്‍ഡ്‌സ്, ഹ്യൂ ജാക്ക്മാന്‍ എന്നിവരുടെ പെര്‍ഫോമന്‍സ് കൂടിയായപ്പോള്‍ മാര്‍വല്‍ പഴയ ട്രാക്കിലേക്കെത്തി. ആദ്യദിനം തന്നെ റെക്കോഡ് കളക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ വണ്‍ ബില്യണ്‍ എന്ന മാന്ത്രിക സംഖ്യയും തൊട്ടിരിക്കുകയാണ്.
ഡി.സി കോമിക്‌സിന്റെ ജോക്കറിന് ശേഷം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ കയറുന്ന ‘R’ റേറ്റഡ് ചിത്രമായി ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ മാറി. ഇത്രയും കാലം ഡി.സി ആരാധകര്‍ പറഞ്ഞുകൊണ്ടിരുന്ന ഒരേയൊരു പിടിവള്ളിയായിരുന്നു ജോക്കറിന്റെ കളക്ഷന്‍. വോക്കിന്‍ ഫീനിക്‌സിന്റെ പകരം വെക്കാനില്ലാത്ത പ്രകടനം കൊണ്ട് മികച്ച എക്‌സ്പീരിയന്‍സ് തന്ന ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ജോക്കര്‍.
20th സെഞ്ച്വറി ഫോക്‌സില്‍ നിന്ന് എക്‌സ് മെന്‍ സീരീസിനെ സ്വന്തമാക്കിയതോടെ മാര്‍വല്‍ അവരുടെ കോമിക്‌സ് റേഞ്ച് വിപുലമാക്കിയിരിക്കുകയാണ്. ഫോസ് ഫോറില്‍ തുറന്നിട്ട മള്‍ട്ടിവേഴ്‌സ് എന്ന ആശയം മാര്‍വലിലെയും എക്‌സ് മെനിലെയും കഥാപാത്രങ്ങള്‍ തമ്മില്‍ ക്രോസ് ഓവറിനും സാധ്യതയുണ്ട്. ഇനി വരാനുള്ള മാര്‍വല്‍ ചിത്രങ്ങളില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്.