ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മാര്‍വലിന്റെ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മാര്‍വലിന്റെ തിരിച്ചുവരവ് എന്ന് പറയാന്‍ കഴിയുന്ന ചിത്രം തന്നെയാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍. തന്റെ മൂന്നാം വരവില്‍ എക്‌സ് മെന്നിലെ ഏറ്റവും വലിയ ഫാന്‍ ഫോളോവിങ്ങുള്ള കഥാപാത്രമായ വോള്‍വറിനെയും കൂടെ കൂട്ടിയിട്ടുണ്ട്.
മാര്‍വല്‍ ആരാധകര്‍ക്കും എക്‌സ് മെന്‍ ആരാധകര്‍ക്കും ആവോളം ആഘോഷിക്കാനുള്ളതെല്ലാം ചിത്രത്തില്‍ ഒരുക്കിവെച്ചിട്ടുണ്ട്. ആദ്യദിനം മുതല്‍ ബോക്‌സ് ഓഫീസ് റെക്കോഡുകളെല്ലാം ഡെഡ്പൂള്‍ പഴങ്കഥയാക്കിയിരുന്നു. വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ ‘ആര്‍’ റേറ്റഡായിട്ടാണ് ഡെഡ്പൂള്‍ തിയേറ്ററുകളിലെത്തിയത്. വണ്‍ ബില്യണ്‍ ക്ലബ്ബിലെത്തുന്ന മാര്‍വലിന്റെ ആദ്യ ‘ആര്‍’ റേറ്റഡ് സിനിമയായി മാറാനും മാര്‍വല്‍ ജീസസിന് സാധിച്ചു.
ഡി.സിയുടെ ജോക്കറിന് ശേഷം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ‘ആര്‍’ റേറ്റഡ് സിനിമയാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍. ഇപ്പോഴിതാ ജോക്കറിന്റെ ആഗോള കളക്ഷന്‍ മറികടന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ‘ആര്‍’ റേറ്റഡ് സിനിമയായി ഡെഡ്പൂള്‍ മാറിയിരിക്കുകയാണ്. ജോക്കറിന്റ കളക്ഷനായ (1.079) ബില്യണെയാണ് ഡെഡ്പൂള്‍ (1.086) മറികടന്നത്.
ഡെഡ്പൂളായി റയാന്‍ റെയ്‌നോള്‍ഡ്‌സ് എല്ലാ തവണത്തെയും പോലെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചപ്പോള്‍ 55ാം വയസിലും വോള്‍വറിനായി ഹ്യൂ ജാക്ക്മാന്‍ ഞെട്ടിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ക്യാമിയോകളും ഡിസ്‌നിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഡെഡ്പൂളിന്റെ ഡയലോഗുകളും തിയേറ്ററുകളെ ഇളക്കിമറിച്ചു.
ഡെഡ്പൂളിന്റെ കളക്ഷന്‍ ജോക്കര്‍ 2 മറികടക്കുമോ എന്നാണ് ബോക്‌സ് ഓഫീസ് ഉറ്റുനോക്കുന്നത്. 2019ല്‍ റിലീസായ ജോക്കറിന്റെ തുടര്‍ഭാഗമാണിത്. ആദ്യ ഭാഗത്തില്‍ ആര്‍തറായി ഞെട്ടിച്ച വോക്കിന്‍ ഫീനിക്‌സ് തന്നെയാണ് രണ്ടാം ഭാഗത്തിലും ജോക്കര്‍. ഹാര്‍വി ക്യൂനായി ലേഡി ഗാഗയും എത്തുമ്പോള്‍ മികച്ച സിനിമാനുഭവം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Deadpool and Wolverine became highest grosser R rated movie by beating Joker