| Wednesday, 3rd July 2019, 7:42 am

ലിബിയയില്‍ കുടിയേറ്റക്കാരെ തടവില്‍പ്പാര്‍പ്പിച്ച കേന്ദ്രത്തിനുനേരെ വ്യോമാക്രമണം; 40 മരണം; വിമതനീക്കമെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ കുടിയേറ്റക്കാരെ തടവില്‍പ്പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിനുനേരെ വ്യോമാക്രമണം. നാല്‍പ്പതോളം കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്കു പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മരണസംഖ്യ ഇനിയും കൂടുമെന്ന് എമര്‍ജന്‍സി സര്‍വീസസ് വക്താവ് ഒസാമ അലി അറിയിച്ചു. 120 കുടിയേറ്റക്കാരാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കൂടുതല്‍പ്പേരും സുഡാന്‍, സൊമാലിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

സര്‍ക്കാരിനെതിരെ കഴിഞ്ഞ മൂന്നുമാസമായി പോരാട്ടം നടത്തുന്ന വിമതനേതാവ് ജനറല്‍ ഖാലിഫ ഹഫ്താറാണ് ഇതിനു പിന്നിലെന്ന് അധികൃതര്‍ ആരോപിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ട്രിപ്പോളി കേന്ദ്രീകരിച്ചാണ് ഹഫ്താറിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനുമുന്‍പും ഹഫ്താര്‍ ഈ കേന്ദ്രം ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്രിപ്പോളി പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏപ്രിലിലാണ് അവസാനമായി ആക്രമണമുണ്ടായി.

ആഫ്രിക്കന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ അഭയസ്ഥാനമാണ് ലിബിയ. ഇറ്റലിയിലേക്കാണ് പലരും ബോട്ട്മാര്‍ഗം പോകുന്നതെങ്കിലും ലിബിയന്‍ തീരത്ത് തീരദേശസേന അവരെ ഏറ്റെടുക്കുകയാണ് പതിവ്. ഇതിനു ലിബിയക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുമുണ്ട്.

എന്നാല്‍ മനുഷ്യനു ജീവിക്കാന്‍ അസാധ്യമായ സാഹചര്യങ്ങളാണ് ലിബിയയിലെ ഇത്തരം കേന്ദ്രങ്ങളിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിനു കുടിയേറ്റക്കാരാണ് ഇവിടെക്കഴിയുന്നത്.

We use cookies to give you the best possible experience. Learn more