ഇസ്രഈലിന്റെ തടങ്കലിലുള്ള ഫലസ്തീനികള്‍ക്കിടയില്‍ മാരകമായ ത്വക്ക് രോഗങ്ങള്‍ പടരും; മുന്നറിയിപ്പ്
World News
ഇസ്രഈലിന്റെ തടങ്കലിലുള്ള ഫലസ്തീനികള്‍ക്കിടയില്‍ മാരകമായ ത്വക്ക് രോഗങ്ങള്‍ പടരും; മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2024, 9:59 pm

ടെല്‍ അവീവ്: ഇസ്രഈല്‍ ജയിലുകളില്‍ തടങ്കലിലാക്കപ്പെട്ട ഫലസ്തീനികള്‍ക്കിടയില്‍ മാരകമായ ത്വക്ക് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്. തടവുകാരുടേയും മുന്‍ തടവുകാരയുടെയും സംരക്ഷണകാര്യ കമ്മീഷനാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇസ്രഈലിലെ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളില്‍ ചൊറി, തിണര്‍പ്പ് ഉള്‍പ്പെടെയുള്ള ത്വക്ക് രോഗങ്ങള്‍ പടരുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇത് ബന്ദികളില്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകും.

ജയിലുകളിലെ വൃത്തിഹീനമായ സാഹചര്യങ്ങളാണ് രോഗത്തിന് കാരണമാകുന്നതെന്നും മുന്നറിയിപ്പുണ്ട്. ഇസ്രഈലിലെ ഫലസ്തീനികളായ ബന്ദികളുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടന നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന 260 പേരില്‍ 150 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. യുവാക്കള്‍ തങ്ങളുടെ ഗതികേട് കൊണ്ട് ഇസ്രഈലി സൈന്യത്തിന്റെ ക്രൂരതകള്‍ക്ക് വിധേയപ്പെടുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ബന്ദികള്‍ മാനസികമായ വെല്ലുവിളികളും പട്ടിണിയും മര്‍ദനവും നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം പതിനായിരത്തോളം ഫലസ്തീനികള്‍ ഇസ്രഈലി ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

ഭൂരിഭാഗം തടവുകാരും വിചാരണ കൂടാതെ ശിക്ഷ അനുഭവിക്കുന്നവരാണ്. ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗസയില്‍ ഇസ്രഈലി സൈന്യം നടത്തിയ ആക്രമങ്ങള്‍ക്കിടെ വ്യാപകമായി നിയമവിരുദ്ധമായ അറസ്റ്റുകള്‍ നടത്തിയിരുന്നു.

ഇത്തരത്തില്‍ അറസ്റ്റിലായവരുടെ എണ്ണത്തില്‍ വ്യക്തതയില്ല. അതേസമയം 12 മാസത്തിനുള്ളില്‍ ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി പാസാക്കിയിരുന്നു. 124 അംഗരാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര നീതിന്യായ-ക്രിമിനല്‍ കോടതികളുടെ നീക്കങ്ങള്‍, യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം എന്നിവ ചൂണ്ടിക്കാട്ടി ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ പ്രമേയത്തിനെതിരെ യു.എന്നിലെ 14 അംഗരാജ്യങ്ങള്‍ വോട്ട് ചെയ്തു. 43 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

ഫലസ്തീനിലേക്ക് കുടിയേറിയ ഇസ്രഈലികളും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തില്‍ പരിഹാരം കാണുകയെന്നത് യു.എന്നിന്റെ പ്രധാനപ്പെട്ട കടമകളില്‍ ഒന്നാണെന്നും പ്രമേയം പറഞ്ഞു.

Content Highlight: Deadly skin disease outbreak among Palestinians held in Israeli prisons warned