|

യുദ്ധം നിർത്തലാക്കാനുള്ള ആഹ്വാനങ്ങൾക്കിടെ ഗസയിലും ലെബനനിലും മാരകമായ ആക്രമണങ്ങൾ നടത്തി ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: യുദ്ധം നിർത്തലാക്കാനുള്ള ആഹ്വാനങ്ങൾക്കിടെ ഗസയിലും ലെബനനിലും മാരകമായ ആക്രമണങ്ങൾ നടത്തി ഇസ്രഈൽ. തെക്കൻ ഗസയിലുടനീളം ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിൽ ഞായറാഴ്ച രാത്രി വരെ കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ മുതിർന്ന ഹമാസ് രാഷ്ട്രീയ നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗസയിൽ, ഖാൻ യൂനിസിൽ ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവായ സലാഹ് അൽ- ബർദവീലും ഭാര്യയും കൊല്ലപ്പെട്ടതായി ഹമാസ് അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇസ്രഈലി ഉദ്യോഗസ്ഥർ ഉടനടി പ്രതികരണമൊന്നും നടത്തിയിട്ടില്ല. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെയുള്ള ആക്രമണങ്ങളിൽ നിന്ന് നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 മൃതദേഹങ്ങൾ ലഭിച്ചതായി തെക്കൻ ഗസയിലെ യൂറോപ്യൻ, കുവൈറ്റ് ആശുപത്രികൾ അറിയിച്ചു.

അതേസമയം, തെക്കൻ ലെബനനിലെ ടയറിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് മോചിപ്പിച്ച ബന്ധികളിൽ 40 പേർ അനന്തമായ ഈ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രഈൽ സർക്കാരിനോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ആക്രമണങ്ങൾ നടന്നത്. നവംബറിലെ വെടി നിർത്തലിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

‘കമാൻഡ് ആസ്ഥാനം, മിസൈൽ ലോഞ്ചറുകൾ, ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോ എന്നിവ ലക്ഷ്യമിട്ടാണ് ലെബനനിൽ ആക്രമണം നടത്തിയതെന്ന് ഒരു ഇസ്രഈലി സൈനിക വക്താവ് പറഞ്ഞു.

ലെബനനിൽ നിന്ന് അജ്ഞാത സംഘങ്ങൾ മൂന്ന് റോക്കറ്റുകൾ വിക്ഷേപിച്ചതിനെ തുടർന്നാണ് ഇസ്രഈലി വ്യോമാക്രമണങ്ങൾ ആരംഭിച്ചതെന്ന് ഇസ്രഈലി സൈനിക വക്താവ് കൂട്ടിച്ചേർത്തു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയിൽ, റോക്കറ്റ് ആക്രമണങ്ങളിൽ പങ്കില്ലെന്നും വെടിനിർത്തൽ കരാറിനോട് പ്രതിബദ്ധതയുണ്ടെന്നും ഹിസ്ബുള്ള പറഞ്ഞു. ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന ഇസ്രഈലിന്റെ അവകാശവാദങ്ങൾ ലെബനനെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്താനുള്ള ഒരു കാരണം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

തെക്കൻ ലെബനനിൽ വിവിധ ഫലസ്തീൻ വിഭാഗങ്ങളും മറ്റ് സായുധ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. അവയെല്ലാം ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലല്ല. ആരാണ് റോക്കറ്റുകൾ പ്രയോഗിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് ഇസ്രഈൽ സൈന്യവും ലെബനൻ പ്രതിരോധ മന്ത്രാലയവും പറഞ്ഞു.

ഇസ്രഈലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഇസ്രഈൽ ലെബനനിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

Content Highlight: Deadly Israeli strikes in Gaza and Lebanon amid calls for halt to ‘endless war’

Latest Stories