ടോക്കിയോ: ജപ്പാനിൽ സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രം (എസ്.ടി.എസ്.എസ്) എന്ന അപൂർവ ബാക്ടീരിയ രോഗം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. രോഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുമെന്നത് ജനങ്ങളിൽ ഭീതി വർധിപ്പിക്കുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂൺ 2 വരെയുള്ള കണക്കുകളിൽ 977 കേസുകളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. അപൂർവമായ മാംസം ഭക്ഷിക്കുന്ന അപൂർവമായ ബാക്റ്റീരിയയാണ് രോഗത്തിന് കാരണം.
ബാക്റ്റീരിയ ശരീരത്തിലെത്തിയാൽ ദ്രുതഗതിയിൽ കോശങ്ങളുടെ നാശത്തിനും അവയവങ്ങളുടെ പ്രവർത്തനം നിലക്കുന്നതിനും കാരണമാകും. ഉയർന്ന മരണനിരക്കുള്ള സങ്കീർണ്ണമായ രോഗാവസ്ഥയാണ് സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രം.
2022 അവസാനത്തോടെ തന്നെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ എസ്.ടി.എസ്.എസ് രോഗത്തിന്റെ വർദ്ധനവിനെക്കുറിച്ച് ലോകാരോഗ്യസംഘടനയെ അറിയിച്ചിരുന്നു. 1999 മുതൽ ഈ രോഗം ലോകത്തുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് പറയുന്നു.
‘മരണങ്ങളിൽ ഭൂരിഭാഗവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നു. ഒരു രോഗി രാവിലെ തന്റെ കാലിൽ നീർവീക്കം കാണുകയും അത് കാര്യമാക്കിയില്ലെന്നും കരുതുക , എന്നാൽ അത് ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ തന്നെ ആ രോഗി മരിക്കുകയും ചെയ്യും,’ ജപ്പാനിലെ സാംക്രമിക രോഗങ്ങളുടെ പ്രൊഫസർ കെൻ കികുച്ചി പറഞ്ഞു
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (ജി.എ.എസ്) സാധാരണയായി കുട്ടികളിൽ തൊണ്ടവേദനയും വീക്കവും ഉണ്ടാക്കുന്നു, എസ്.ടി.എസ്.എസ് ൻ്റെ ആദ്യ ലക്ഷണങ്ങൾ പലപ്പോഴും പനിയും വിറയലും, പേശി വേദന, ഓക്കാനം, ഛർദി എന്നിവയാണ്.
പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരത്തിൽ നീർക്കെട്ടായാണ് രോഗം ആരംഭിക്കുന്നത്. കൈകാലുകളിലെ വേദന, വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം എന്നിവയാണ് ലക്ഷണങ്ങൾ. തുടർന്ന് ലക്ഷണങ്ങൾ ശരീരത്തിൽ ഗുരുതരമാവുകയും ചെയ്യും.
ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, ഏകദേശം 24 മുതൽ 48 മണിക്കൂറിനുള്ളിൽ രക്തസമ്മർദ്ദം കുറയുന്നു. തുടർന്ന് എസ്.ടി.എസ്.എസ് ഗുരുതരമാകും.
ഹൈപ്പർടെൻഷൻ (കുറഞ്ഞ രക്തസമ്മർദം ),ടാക്കിക്കാർഡിയ (സാധാരണ ഹൃദയമിടിപ്പിനേക്കാൾ വേഗത്തിൽ വേഗത്തിൽ ഹൃദയം മിടിക്കുക), ടാക്കിപ്നിയ (ദ്രുത ശ്വസനം) തുടങ്ങിയവ ഉണ്ടാകുകയും രോഗിക്ക് മരണം സംഭവിക്കുകയും ചെയ്യും.
50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.