| Monday, 8th July 2013, 12:44 am

എല്‍ബറാദിയെ പ്രധാനമന്ത്രിയായി നിയമിച്ചിട്ടില്ലെന്ന് ഇടക്കാല പ്രസിഡന്റ്: ഈജിപ്തില്‍ സംഘര്‍ഷം രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്‍ ബറാദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുര്‍സി വിരുദ്ധ പ്രക്ഷോഭം നടത്തിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിയോജിപ്പുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്


[]കെയ്‌റോ: ഈജിപ്തില്‍ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് എല്‍ ബറാദി നിയോഗിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്നും ഇക്കാര്യത്തെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍.[]

പ്രസിഡന്റ് അദ്‌ലി മന്‍സൂറുമായി എല്‍ ബറാദി ചര്‍ച്ച നടത്തിയിരുന്നുവെന്നും എന്നാല്‍ ഇത് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നതല്ലെന്നും പ്രസിഡന്റിന്റെ ഉപദേശകന്‍ അഹ്മദ് അല്‍ മുസ്‌ലിമാനി വ്യക്തമാക്കി.

അതേസമയം എല്‍ബറാദിയെ തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബ്രദര്‍ഹുഡിന്റെ കടുത്ത വിരോധിയായി അറിയപ്പെടുന്ന ബറാദിക്ക് രാജ്യത്ത് കാര്യമായ ജനസ്വാധീനമില്ലെന്നതും വസ്തുതയാണ്.

എല്‍ബറാദി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുമെന്ന് ബ്രദര്‍ഹുഡ് അറിയിച്ചു.

എല്‍ബറാദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുര്‍സി വിരുദ്ധ പ്രക്ഷോഭം നടത്തിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിയോജിപ്പുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

അതിനിടെ, മുര്‍സി അധികാരത്തില്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുകയാണ്. കൈറോയിലും അലക്‌സാണ്ട്രിയയിലും ആയിരക്കണക്കിന് ജനങ്ങള്‍ ഒരുമിച്ചു കൂടി.

പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ കഴിയുന്ന മുര്‍സിയെ കുറിച്ചുള്ള വിവരങ്ങള്‍ അട്ടിമറി നടന്നതിന് ശേഷം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല.
മുര്‍സിയെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുവെന്ന് കരുതുന്ന റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ കൈറോയിലെ ആസ്ഥാനത്തിന് സമീപം മുര്‍സി അനുയായികള്‍ തമ്പടിച്ചിട്ടുണ്ട്.

പ്രക്ഷോഭം അക്രമാസക്തമായാല്‍ നിറയൊഴിക്കുമെന്ന് സൈനിക വക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മുര്‍സിക്ക് അധികാരം തിരിച്ച് നല്‍കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബ്രദര്‍ഹുഡ് നേതാക്കളും അണികളും.


പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ബ്രദര്‍ഹുഡിന്റെ നേതാക്കള്‍ക്ക് നേരെ വ്യാപകമായ അറസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ ഉപനേതാവ് ഖൈറാത്ത് അശ്ശത്തറിനെ ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു


കെയ്‌റോയിലും സമീപ നഗരമായ അലക്‌സാന്‍ഡ്രിയയിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ആക്രമണങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. []

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ പ്രക്ഷോഭകരെ അനുവദിക്കില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൈനിക മേധാവികള്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.

പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ബ്രദര്‍ഹുഡിന്റെ നേതാക്കള്‍ക്ക് നേരെ വ്യാപകമായ അറസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ ഉപനേതാവ് ഖൈറാത്ത് അശ്ശത്തറിനെ ശനിയാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സിറിയയെപ്പോലെ ഈജിപ്തും ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും ഈ പ്രതിസന്ധി ഉടന്‍ പരിഹരിക്കേണ്ടതുണ്ടെന്നും സിറിയന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ പറഞ്ഞു.

അതേസമയം മുര്‍സിയെ പുറത്താക്കിയ സൈനിക നടപടി അനുചിതമെന്ന് ഇറാന്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പുറത്താക്കാനായി സൈന്യം ഇടപെട്ടത് ശരിയായില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more