ഇന്‍ഡോര്‍: അന്‍പതു ലക്ഷം പേരെ കൊലപ്പെടുത്താന്‍ ശേഷിയുള്ള അപകടകരമായ രാസവസ്തു ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്നും കണ്ടെടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഒന്‍പതു കിലോ ഫെന്‍ടാനില്‍ എന്ന സിന്തറ്റിക് ഓപ്പിയോയ്ഡ് കണ്ടെത്തിയത്.
അങ്ങേയറ്റം അപകടകരമായ ഈ രാസവസ്തു, രാസയുദ്ധം പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നെന്നും സംശയിക്കപ്പെടുന്നുണ്ട്. അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധിക്കുന്ന കെമിക്കല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞരുമായി ചേര്‍ന്നുള്ള നീക്കത്തിലൂടെയാണ് പിടിച്ചെടുത്തത്.
രാസവസ്തു കണ്ടെത്തിയ ലബോറട്ടറി ഒരു വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ്. പി.എച്ച്.ഡി ബിരുദധാരിയായ കെമിസ്റ്റ് കൂടിയാണിയാള്‍. ഉടമസ്ഥനെ ഒരു മെക്‌സിക്കന്‍ പൗരനൊപ്പം അറസ്റ്റു ചെയ്തിട്ടുണ്ട്. വളരെയെളുപ്പത്തില്‍ പടരുന്ന ഫെന്‍ടാനിലിന്റെ രണ്ടു മില്ലിഗ്രാം കൊണ്ട് ഒരാളെ അപായപ്പെടുത്താനാകുമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരത്തിലെ ആദ്യത്തെ കേസാണിത്. രാസവസ്തു ഉത്പാദിപ്പിക്കാന്‍ വളരെക്കാലത്തെ പ്രവര്‍ത്തി പരിചയമുള്ള വിദഗ്ധരായ ശാസ്ത്രജ്ഞര്‍ക്കേ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ, ഞെട്ടലോടെയാണ് ശാസ്ത്രലോകം വാര്‍ത്തയോടു പ്രതികരിച്ചത്. അനസ്തീഷ്യ പോലുള്ള ചികിത്സാ ആവശ്യങ്ങള്‍ക്കു മാത്രമാണ് സാധാരണഗതിയില്‍ ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുക.