| Saturday, 16th November 2019, 5:28 pm

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നിടത്ത് സ്‌ഫോടനം; രണ്ട് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാഖില്‍ സ്‌ഫോടനം. പ്രക്ഷോഭം നടക്കുന്ന ബാഗ്ദാദിലെ തഹ്രീര്‍ സ്‌ക്വയറിനു സമീപമാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരണപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണപ്പെട്ട രണ്ടു പേരും പ്രക്ഷോഭം നടത്തുന്നവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഒക്ടോബര്‍ 1 മുതല്‍ ഇറാഖില്‍ പ്രധാനമന്ത്രി ആദെല്‍ അബ്ദുള്‍ മഹദിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം രൂക്ഷമായ വേളയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളിയാഴ്ച പ്രക്ഷോഭകരുടെ നേരെയുണ്ടായ സുരക്ഷാ സൈന്യത്തിന്റെ വെടിവെപ്പില്‍ 3 പേരാണ് കൊല്ലപ്പെട്ടത്. ഒരു മാസം പിന്നിട്ട പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 330 ലേറെയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
വേള്‍ഡ് ബാങ്കിന്റെ കണക്കു പ്രകാരം ഇറാഖിലെ 5 പേരില്‍ ഒരാള്‍ പട്ടിണിയിലാണ്. 25 ശതമാനമാണ് ഇറാഖിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ട്രാന്‍സ്പരന്‍സി ഇന്റര്‍ നാഷണലിന്റെ കണക്കു പ്രകാരം അഴിമതികൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖിന്റെ സ്ഥാനം.ഐ.എസിനെ തുരത്തിയ ശേഷം അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം.

Latest Stories

We use cookies to give you the best possible experience. Learn more