| Tuesday, 13th June 2023, 11:29 pm

മരിച്ചെന്ന് കരുതി അടക്കാനൊരുങ്ങി; പിന്നീട് ശവപ്പെട്ടിയില്‍ നിന്ന് ശബ്ദം; ബെല്ല വീണ്ടും ജീവിതത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇക്വഡോര്‍: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ബെല്ല വീണ്ടും ജീവിതത്തിലേക്ക്.
76കാരിയായ ബെല്ല മോണ്ടോയ മരിച്ചെന്ന് ഡോക്ടര്‍ അറിയിച്ചതോടെ വീട്ടുകാര്‍ അടക്കം ചെയ്യാനൊരുങ്ങി. എന്നാല്‍ ശവപ്പെട്ടിയില്‍ നിന്നും മുട്ടല്‍ കേട്ടതോടെ തുറന്ന് നോക്കിയതോടെ ബെല്ല കണ്ണുകള്‍ തുറന്നിരുന്നു. ഇതോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്വഡോറിലെ ബാബഹോയോയിലാണ് സംഭവം നടന്നത്‌.

ആദ്യം ഏറെ പേടി തോന്നിയെന്ന് മകന്‍ ഗില്‍ബെര്‍ട്ടോ ബാര്‍ബെറ അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു.

റിട്ടയേഡ് നേഴ്‌സ് ആയ ബെല്ലയെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പക്ഷാപാതത്തെ തുടര്‍ന്നായിരുന്നു ബെല്ലയെ അഡ്മിറ്റ് ചെയ്തത്. പിന്നീട് ഹൃദായാഘാതവുമുണ്ടായി. മരുന്നിനോട് പ്രതികരിക്കാതായതോടെ ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മരിച്ചതായി അറിയിച്ചു.

എമര്‍ജന്‍സി റൂമിലേക്ക് കയറ്റുമ്പോള്‍ അമ്മ അബോധാവസ്ഥയിലായിരുന്നുവെന്ന് മകന്‍ പറയുന്നു. അതിന് ശേഷം കുറച്ച് കഴിഞ്ഞാണ് മരണവിവരം ഡോക്ടര്‍ അറിയിച്ചത്. മരണ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും കൈമാറുകയും ചെയ്തു.

അതിന് ശേഷം ബെല്ലയെ വീട്ടിലേക്ക് കൊണ്ടുവന്ന് അടക്കം ചെയ്യാനൊരുങ്ങി. എന്നാല്‍ പിന്നീട് പെട്ടിയില്‍ നിന്നും മുട്ടുന്ന ശബ്ദം കേള്‍ക്കുകയായിരുന്നു.

‘ഞങ്ങള്‍ 20 പേര്‍ അടുത്തുണ്ടായിരുന്നു. അഞ്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ശവപ്പെട്ടിയില്‍ നിന്നും ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. തുണികള്‍ കൊണ്ട് പുതച്ചായിരുന്നു അമ്മയെ ശവപ്പെട്ടിയില്‍ കിടത്തിയിരുന്നത്. ഞങ്ങള്‍ തുറന്നപ്പോള്‍ അമ്മ ശ്വാസമെടുക്കുന്നുണ്ടായിരുന്നു,’ മകന്‍ പറഞ്ഞു.

ഇതോടെ വീട്ടുകാര്‍ ബെല്ലയെ ബാബഹോയോ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മയിപ്പോള്‍ ഓക്‌സിജന്‍ സഹായത്തിലാണെന്നും ചെറുതായി പ്രതികരിക്കുന്നുണ്ടെന്നും മകന്‍ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെങ്ങനെയെന്ന് പരിശോധിക്കാന്‍ കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

Content Highlight: dead woman breathing on coffin during her own wake in

We use cookies to give you the best possible experience. Learn more