തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; മരിച്ചവരുടെ പേരില്‍ ഒമ്പത് മാസത്തിനിടെ രണ്ട് രാഷ്ട്രീയ നേതാക്കള്‍ തട്ടിയെടുത്തത് പതിനൊന്ന് ലക്ഷം രൂപ
national news
തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; മരിച്ചവരുടെ പേരില്‍ ഒമ്പത് മാസത്തിനിടെ രണ്ട് രാഷ്ട്രീയ നേതാക്കള്‍ തട്ടിയെടുത്തത് പതിനൊന്ന് ലക്ഷം രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd December 2021, 10:39 am

ചെന്നൈ: തമിഴ്‌നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ (മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട്) അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ട്.

മരിച്ചവരുടെ പേരിലും വ്യാജപേരിലും ആയി 80 പേര്‍ കാഞ്ചീപുരം ജില്ലയില്‍ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് (എംജിഎന്‍ആര്‍ഇജിഎ) പദ്ധതി പ്രകാരം ശമ്പളം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയ രണ്ട് പേര്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്.

”എന്റെ അച്ഛന്‍ എത്ര ദിവസം ജോലി ചെയ്തുവെന്ന് പരിശോധിക്കാന്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ വെബ്സൈറ്റില്‍ കയറിയപ്പോഴാണ് ഈ തട്ടിപ്പിനെ ക്കുറിച്ച് ഞാന്‍ അറിയുന്നത്. പിന്നീട്, ഒരു ബന്ധുവിന്റെ വിവരം പരിശോധിക്കുമ്പോള്‍, ഞാന്‍ തെറ്റായ ഒരു ഐ.ഡി നമ്പര്‍ നല്‍കി, മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ഒരാളുടെ വിവരങ്ങള്‍ ആ ഐ.ഡിയില്‍ കാണിച്ചു,” ടി മണികണ്ഠന്‍ എന്നയാള്‍ പറഞ്ഞു.

കിലാറിലെ ഗ്രാമവാസികള്‍ക്കുവേണ്ടി വി ഗുണശേഖരന്‍ എന്നയാള്‍ തട്ടിപ്പിനെക്കുറിച്ച് കാഞ്ചീപുരം കലക്ടറേറ്റിലും തഹസില്‍ദാര്‍ ഓഫീസിലും പരാതി നല്‍കി. 100 ദിവസത്തെ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ പേരുവിവരങ്ങള്‍ സമാഹരിക്കുന്നതിന്റെ ചുമതല പ്രദേശത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട രണ്ടുപേരാണെന്നും അവരാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു.

ഇരുവരും കഴിഞ്ഞ 10 വര്‍ഷമായി പേരുകള്‍ സമാഹരിക്കുന്നുണ്ടെന്നും രജിസ്റ്ററിലെ നിരവധി പേരുകള്‍ വ്യാജമാണെന്നും അതില്‍ 24 പേര്‍ മരിച്ചിട്ടുണ്ടെന്നും തങ്ങള്‍ അടുത്തിടെ കണ്ടെത്തിയതായി ഗുണശേഖരന്‍ പറഞ്ഞു. കിലാര്‍ ഗ്രാമത്തില്‍ നിന്ന് 953 പേര്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ പദ്ധതിയില്‍ ജോലി ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Dead people ‘working’ under MGNREGA scheme in Kancheepuram?