കോഴിക്കോട്: കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി സിവില്‍ സപ്ലൈസ് വിതരണം ചെയ്ത അരിയില്‍ ചത്ത എലിയും ബീഡിക്കുറ്റിയും. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്തത്.
പഴകി ഉപയോഗ ശൂന്യമായ അരി സ്‌കൂളിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 60 ചാക്ക് അരിയാണ് എത്തിയത്. മറ്റ് ചാക്കുകളിലെ അരിയും ഇതുപോലെ പഴകിയതാകുമോ എന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.
സാധാരണയായി ചൂടുവെള്ളത്തില്‍ കഴുകിയ ശേഷമാണ് അരി ഉപയോഗിക്കാറുള്ളതെന്ന് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പറഞ്ഞു. കഴുകാനായി ചാക്കില്‍ നിന്നും അരിയെടുത്തപ്പോഴാണ് ചത്ത എലിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കണ്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രകടനം നടത്തി.