| Tuesday, 13th April 2021, 12:37 pm

വരാന്തയിലും, പുറത്ത് വെയിലിലും മൃതദേഹങ്ങള്‍ കിടത്തേണ്ട അവസ്ഥ; രോഗികളെ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍; കൊവിഡ് വ്യാപനം അതിരൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ അടിപതറി രാജ്യത്തെ ആരോഗ്യമേഖല. കൊവിഡ് രൂക്ഷമായ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ പലതും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൃതദേഹം സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണ് വിവിധ ആശുപത്രികള്‍.

റായ്പുരിലെ ഏറ്റവും വലിയ സര്‍ക്കാരാശുപത്രിയില്‍ സ്ട്രെച്ചറുകളിലും നിലത്തും നിരയായി മൃതശരീരങ്ങള്‍ കൂട്ടിയിടേണ്ട അവസ്ഥയാണ്.

ആശുപത്രി വരാന്തകളില്‍ കിടത്താനിടമില്ലാതെ പുറത്ത് വെയിലില്‍ കിടത്തിയിരിക്കുകയാണ് മൃതദേഹങ്ങള്‍. ഇതിന്റെ നടുക്കുന്ന വീഡിയോകളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.

അപ്രതീക്ഷിതമായി മരണസംഖ്യ ഉയര്‍ന്നതോടെ റായ്പുരിലെ ഡോ. ഭീംറാവു അംബേഡ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസറുകള്‍ ഒഴിവില്ലാതാവുകയായിരുന്നു.

ഒഴിവുള്ളിടത്തെല്ലാം മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട നിലയിലാണെന്ന് അധികൃതര്‍ പറയുന്നു. മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്പു തന്നെ പുതിയ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും നിസഹായരാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ആശുപത്രിയിലെ ഐ.സി.യു കിടക്കകള്‍ കഴിഞ്ഞയാഴ്ച തന്നെ നിറഞ്ഞിരുന്നു. പെട്ടെന്ന് ഇത്രയേറെ മരണങ്ങള്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് റായ്പുര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ മീരാ ഭാഗല്‍ പറഞ്ഞു.

സാധാരണ നിലയിലുള്ള ഫ്രീസറുകള്‍ സജ്ജമായിരുന്നു. ഒന്നോ രണ്ടോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപതു മരണങ്ങളാണു സംഭവിക്കുന്നത്. 20 പേര്‍ക്കുള്ള സൗകര്യം ഒരുക്കുമ്പോഴേക്കും മരണസംഖ്യ അറുപതായി ഉയരുകയാണ്. അത്രയും സൗകര്യങ്ങള്‍ ഒരുക്കുക പ്രായോഗികമല്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചക്കിടെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗങ്ങളും ഓക്സിജന്‍ സൗകര്യമുള്ള കിടക്കകളും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. ശ്മശാനങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്.

പ്രതിരോധ നടപടികളുടെ പിന്‍ബലത്തില്‍ കൊവിഡിനെതിരെയുള്ള പോരാട്ടം നാം ഏറെക്കുറെ ജയിച്ച അവസ്ഥയായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി പാടെ മാറിയിരിക്കുന്നു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകാത്ത രോഗികളില്‍ പോലും രോഗാവസ്ഥ പെട്ടെന്ന് വഷളാവുകയും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്യുന്നതാണ് നിലവില്‍ കണ്ടുവരുന്നത്. വീടുകളില്‍ ക്വാറന്റീന്‍ ശക്തമാക്കി കൊവിഡിനെ ഒരു വിധം ചെറുത്തിരുന്ന ഘട്ടത്തിലാണ് രണ്ടാം തരംഗം ആഞ്ഞടിച്ചതെന്നും ഇവര്‍ പറയുന്നു.

റായ്പുര്‍ നഗരത്തില്‍ പ്രതിദിനം 55 മൃതശരീരങ്ങളാണ് സംസ്‌കരിക്കുന്നത്. ഇതില്‍ കൂടുതലും കൊവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്നും അധികൃതര്‍ പറഞ്ഞു. ഛത്തിസ്ഗഡില്‍ കഴിഞ്ഞ ദിവസം 10,521 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവരുടെ എണ്ണം 4,899 ആയി.

ദല്‍ഹിയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 11,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓക്സിജന്‍ സിലിണ്ടറുകളുടെ ആവശ്യകത മൂന്നു മടങ്ങ് വര്‍ധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ കൊവിഡ് വാക്‌സിന്റെ സ്റ്റോക്ക് തീര്‍ന്നെന്ന് വ്യക്തമാക്കി വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Dead bodies of Covid-19 patients pile up in Raipur govt hospital

We use cookies to give you the best possible experience. Learn more