| Thursday, 23rd January 2020, 9:32 am

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ രാത്രി 10 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ ഉച്ചയോടെ കോഴിക്കോട്ടും എത്തിക്കും.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോര്‍ക്ക വഴി പണം നല്‍കാമെന്ന ഉറപ്പ് നല്‍കിയത്.

നേരത്തെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കാത്തതിനാലാണ് പണം നല്‍കാനാവാത്തതെന്നായിരുന്നു എംബസിയുടെ വിശദീകരണം.

ദമനിലെ റിസോര്‍ട്ടിലാണ് നാല് കുട്ടികളടക്കം എട്ടുപേര്‍ കഴിഞ്ഞ ദിവസം മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു. ദമാനില്‍ ഇവര്‍ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more