| Monday, 23rd January 2017, 3:32 pm

എപ്പടി പോയിട്ടേ അപ്പടിയേ തിറുമ്പി വന്തിട്ടേ ! തിരിച്ച് വരവില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ഡിവില്ല്യേഴ്സ് ; ആവേശത്തില്‍ ക്രിക്കറ്റ് ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്ടൗണ്‍: ഒരു കൊല്ലം വീട്ടിലിരുന്നതിന്റെ ക്ഷീണമൊന്നും എബി ഡിവില്ല്യേഴ്സിനെ ബാധിച്ചിട്ടില്ല. പരിക്കും വിവാദവും മൂലം താഴേക്ക് പോയ കരിയര്‍ഗ്രാഫിനെ തിരിച്ച് വരവ് മത്സരത്തില്‍ തന്നെ സെഞ്ച്വറി അടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് ഡിവില്ല്യേഴ്സ്. ദക്ഷിണാഫ്രിക്കയുടെ ജഴ്സിയിലല്ല ഒരു ആഭ്യന്തര ടൂര്‍ണ്ണമെന്റിലൂടെയാണ് എബിഡി തിരിച്ച് വരവ് ആഘോഷമാക്കിയിരിക്കുന്നത്.


ഒരു വര്‍ഷം നീണ്ട ഇടവേളയുടെ ആലസ്യമൊന്നും താരത്തിനുണ്ടായിരുന്നില്ല. തന്റെ സ്വന്തം ശൈലിയില്‍ കത്തിക്കയറിയാണ് മിസ്റ്റര്‍ 360 ഡിഗ്രി കളം വാണത്. 103 പന്തില്‍ നിന്നും 134 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഡിവില്ല്യേഴ്സിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ അമ്പത് ഓവറില്‍ 200 റണ്‍സെന്ന ലക്ഷ്യവുമായി ഇറങ്ങിയ നോര്‍ത്തേന്‍സ് ടീം വെറും 19 ഓവറില്‍ ഈസ്റ്റേണ്‍സിനെ തറപറ്റിക്കുകയായിരുന്നു. 87 പന്തില്‍ നിന്നുമായിരുന്നു ഡിവില്ല്യേഴ്സിന്റെ സെഞ്ച്വറി പിറന്നത്.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തായ താരം കഴിഞ്ഞ ദിവസം താന്‍ ഒരു വര്‍ഷത്തേക്ക് ടെസ്റ്റ് മത്സരം കളിക്കുന്നില്ലെന്നും പറഞ്ഞു. സംഭവം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വന്‍ വിവാദമായി. കൂടുതല്‍ കായികക്ഷമത വേണ്ട ടെസ്റ്റില്‍ നിന്നും മാറിനില്‍ക്കുന്നത് 2019 ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടു കൊണ്ടായിരുന്നു എന്നായിരുന്നു താരത്തിന്റെ വിശദീകരണം.

കഴിഞ്ഞ ജനവരിയ്ക്ക് ശേഷം മത്സരത്തിനിറങ്ങാതിരുന്ന ഡിവില്ല്യേഴ്സ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 യിലൂടെ കളിക്കളത്തിലേക്ക് തിരികെയെത്താന്‍ ശ്രമിക്കുകയാണ്. തുടക്കം തന്നെ ഗംഭീരമാക്കിയ സ്ഥിതിയ്ക്ക് എബിഡിയുടെ തിരിച്ച് വരവിനുള്ള കാത്തിരിപ്പിന്റെ ആക്കം കൂടിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more