ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനാണ് ഹർദിക്ക് പാണ്ഡ്യ.
ഐ.പി.എൽ കളിച്ച ആദ്യ സീസണിൽ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കുന്നതിൽ താരം നിർണായകമായ പങ്കാണ് വഹിച്ചത്.
ഗുജറാത്തിനായി നാലാം നമ്പർ ഓർഡറിലാണ് താരം ബാറ്റ് ചെയ്യാനായി ഇറങ്ങുന്നത്. ഈ പൊസിഷനിൽ ഇറങ്ങി ഗുജറാത്തിന്റെ ഏറ്റവും വലിയ റൺസ് സ്കോററാകാനും പാണ്ഡ്യക്ക് സാധിച്ചിരുന്നു.
ഗുജറാത്ത് ടൈറ്റൻസിനായി 15 മത്സരങ്ങളിൽ നിന്നും 131.26 റൺസ് സ്ട്രൈക്ക് റേറ്റോടെ 487 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയിരിക്കുന്നത്. അതിൽ നാല് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഹർദിക്ക് കളിക്കുന്ന ബാറ്റിങ് പൊസിഷൻ ശരിയല്ല എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ എ.ബി.ഡിവില്ലിയേഴ്സ്.
താരത്തിന്റെ ബാറ്റിങ് പൊസിഷനിൽ താൻ തൃപ്തനല്ലെന്നും, അഞ്ചാം നമ്പറിൽ ഇറങ്ങുന്നതാവും പാണ്ഡ്യക്ക് കൂടുതൽ നല്ലതെന്നുമാണ് എ.ബി.ഡിവില്ലിയേഴ്സ് അഭിപ്രായപ്പെടുന്നത്.
“പാണ്ഡ്യ നാലാം നമ്പറിലാണല്ലോ കളിക്കാനിറങ്ങുന്നത്. എന്നെ സംബന്ധിച്ച് അത് കുറച്ച് കൂടി ഉയർന്ന ബാറ്റിങ് ഓർഡറാണ്. എന്റെ അഭിപ്രായത്തിൽ അഞ്ചാം ബാറ്റിങ് ഓർഡറാകും പാണ്ഡ്യക്ക് കുറച്ചു കൂടി ഇണങ്ങുക,’ എ.ബി.ഡിവില്ലിയേഴ്സ്പറഞ്ഞു.
“ഡേവിഡ് മില്ലറിനാകും നാലാം നമ്പർ യോജിക്കുക. പാണ്ഡ്യ അഞ്ചാം നമ്പറിലും രാഹുൽ തെവാഡിയ അതിന് ശേഷവും ബാറ്റിങിനിറങ്ങണം,’ എ.ബി.ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
അതേസമയം ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് അഞ്ച് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തി. മത്സരത്തിൽ എട്ട് റൺസാണ് പാണ്ഡ്യ നേടിയത്.
പഞ്ചാബും കൊൽക്കത്തയും തമ്മിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്തതായി ഏറ്റുമുട്ടുന്നത്. ഏപ്രിൽ ഒന്നിനാണ് മത്സരം.