| Tuesday, 22nd August 2023, 1:58 pm

പണമെറിഞ്ഞിട്ട് കാര്യമില്ല; ആശാന്‍ നോ പറഞ്ഞു; യൂറോപ്പ് വിടാന്‍ ഒരുക്കമല്ലെന്ന് ഡി പോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

അത്‌ലെറ്റികോ മാഡ്രിഡിന്റെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളായിരുന്നു സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ അഹ്‌ലി നടത്തിക്കൊണ്ടിരുന്നത്. താരത്തെ വിട്ടുനല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അത്‌ലെറ്റികോ മാഡ്രിഡ് നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ ഡി പോളിനെ വില്‍ക്കാമെന്ന നിലപാടായിരുന്നു ക്ലബ്ബിന്റേത്.

എന്നാല്‍ 29കാരനായ ഡി പോള്‍ തുടക്കത്തില്‍ തന്നെ അല്‍ അഹ്‌ലിയുടെ ഓഫര്‍ തള്ളിയിരുന്നു. നിലവില്‍ സൗദി അറേബ്യയിലേക്ക് ചേക്കേറാന്‍ താരത്തിന് താത്പര്യമില്ലെന്നും യൂറോപ്പില്‍ തന്നെ തുടരാനാണ് ഡി പോള്‍ പദ്ധതിയിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദിയുടെ ഓഫര്‍ വന്നപ്പോള്‍ തന്നെ അത്‌ലെറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സൈമോണിനോടും അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണിയോടും ഡി പോള്‍ അഭിപ്രായം തേടിയിരുന്നു. അവരുടെ കൂടി നിര്‍ദേശ പ്രകാരമാണ് ഡി പോള്‍ സൗദി അറേബ്യയുടെ ഓഫര്‍ വേണ്ടെന്ന് വെച്ചത്.

യൂറോപ്പ് വിടാന്‍ തീരുമാനിച്ചാല്‍ അത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയിലെ സ്ഥാനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും ഡി പോളിനുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അര്‍ജന്റീനയുടെ ദേശീയ ടീമില്‍ സ്ഥാനം പിടിക്കാന്‍ യുവതാരങ്ങള്‍ മത്സരിക്കുമ്പോള്‍ സൗദി അറേബ്യന്‍ ട്രാന്‍സ്ഫര്‍ തന്റെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും ഡി പോളിനുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കിക്കൊണ്ട് തുടങ്ങിയ വമ്പന്‍ സൈനിങ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് സൗദി ലീഗ്. റോണോക്ക് പിന്നാലെ ഉയര്‍ന്ന മൂല്യം നല്‍കി കൊണ്ട് കരിം ബെന്‍സിമ, നെയ്മര്‍, സാദിയോ മാനെ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കാന്‍ സൗദി ക്ലബ്ബുകള്‍ക്ക് സാധിച്ചു.

മുന്‍ നിര താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ച സൗദി അറേബ്യ കൂടുതല്‍ കളിക്കാരെ സൈന്‍ ചെയ്ത് ലീഗിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രയാണം തുടരുകയാണ്.

Content Highlights: De Paul won’t sign with Saudi Club, says report

We use cookies to give you the best possible experience. Learn more