| Monday, 2nd September 2024, 10:48 pm

മെസിക്ക് പകരം അർജന്റീനയുടെ പുതിയ ക്യാപ്റ്റൻ ആരാവും? സാധ്യതകൾ പങ്കുവെച്ച് സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ അടുത്തിടെ പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചിരുന്നു.

സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെ ആയിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ മത്സരത്തില്‍ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

പരിക്കിനെ തുടര്‍ന്ന് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായും മെസി കളത്തിലിറങ്ങിയിരുന്നില്ല. താരം ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് താരത്തിന് ടീമില്‍ ഇടനേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

മെസിയുടെ ഭാവത്തില്‍ അര്‍ജന്റീന ടീമിനെ ആരാവും നയിക്കുക എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇപ്പോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ആരായിരിക്കും എന്നതിതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റീനയുടെ ഡിഫന്‍ഡര്‍ ഡി പോള്‍.

‘എനിക്ക് ലഭിച്ച സ്ഥാനമാണ് ഞാന്‍ എപ്പോഴും അര്‍ജന്റീന ടീമിനായി ചെയ്യുന്നത്. വര്‍ഷങ്ങളായി ഈ ടീമിലെ ഒരു പ്രധാന കളിക്കാരനാണ് ഞാന്‍, അത്ര മാത്രമേ എനിക്ക് പറയാന്‍ കഴിയുന്നുള്ളൂ. ഞങ്ങളുടെ ടീമിലെ ആംബാന്‍ഡ് എപ്പോഴും ലിയോയുടേതാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ അത് താത്ക്കാലികമായി മറ്റു താരങ്ങള്‍ എടുക്കുന്നുവെന്നേ ഉള്ളൂ. അദ്ദേഹം തന്നെയാണ് അര്‍ജന്റീന ടീമിന്റെ ക്യാപ്റ്റന്‍,’ ഡി പോളിനെ ഉദ്ധരിച്ച് മുണ്ടോ ആല്‍ബിസെലസ്റ്റെ പറഞ്ഞു.

അതേസമയം ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡില്‍ സൂപ്പര്‍ താരം പൗലോ ഡിബാലക്ക്ഇടം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ താരത്തെ പിന്നീട് സ്‌കലോണി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഡിബാലക്ക് പുറമെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന മികച്ച താരങ്ങളും ടീമില്‍ ഇടംനേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം അലജാഡ്രോ ഗാര്‍നാച്ചോ, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ജൂലിയന്‍ അല്‍വാരസ് , കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടിയ ഇന്റര്‍ മിലാന്റെ സൂപ്പര്‍ താരം ലൗട്ടാരോ മാര്‍ട്ടിന്‍സ് എന്നീ മികച്ച താരങ്ങള്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

സെപ്റ്റംബര്‍ ആറിന് ചിലിക്കെതിരെയും സെപ്റ്റംബര്‍ 11ന് കൊളംബിയക്കെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍ ഉള്ളത്. നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ ആറു മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.

Content Highlight: De Paul Talks About The Captaincy of Argentina Team

We use cookies to give you the best possible experience. Learn more