മെസി മരിക്കുന്നത് വരെ ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടാവും: വമ്പൻ പ്രസ്താവനയുമായി അർജന്റൈൻ താരം
Football
മെസി മരിക്കുന്നത് വരെ ഞാൻ അദ്ദേഹത്തിന്റെ കൂടെയുണ്ടാവും: വമ്പൻ പ്രസ്താവനയുമായി അർജന്റൈൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2024, 5:46 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുമായി വളരെ മികച്ച ബന്ധം പുലര്‍ത്തുന്ന താരമാണ് റോഡ്രിഗോ ഡി പോള്‍.  കളിക്കളത്തില്‍ മെസിക്കൊപ്പം മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന താരമാണ് ഡീ പോള്‍. മെസിയെ എതിര്‍ ടീം താരം ഫൗള്‍ ചെയ്താല്‍ ഉടന്‍തന്നെ എതിരാളികളുടെ അടുത്തേക്ക് ഓടി എത്തിക്കോണ്ട് മെസിയെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ഡി പോളിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതോടെ കളിക്കളത്തില്‍ മെസിയുടെ ബോഡിഗാര്‍ഡ് എന്ന നിലയിലും ആരാധകര്‍ താരത്തെ നോക്കി കാണുന്നുണ്ട്.

ഇപ്പോഴിതാ മെസിയുമായുള്ള ബന്ധത്തെക്കുറിച്ച് ഡി പോള്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മരിക്കുന്നത് വരെ താന്‍ മെസിക്കൊപ്പം നിലനില്‍ക്കുമെന്നാണ് ഡി പോള്‍ പറഞ്ഞത്.

‘മെസി, അദ്ദേഹം മരിക്കുന്നത് വരെ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടാവും,’ സ്പോർട്സ് ഔട്ട്ലെറ്റായ റെസുമിഡോക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജന്റൈന്‍ താരം ഇക്കാര്യം പറഞ്ഞത്.

2018ലാണ് ഡി പോള്‍ അര്‍ജന്റീനക്കായി അരങ്ങേറ്റം കുറിക്കുന്നത്. ലയണല്‍ സ്‌കലോണിയുടെ കീഴില്‍ 69 മത്സരങ്ങളിലാണ് താരം ബൂട്ടുകെട്ടിയത്. രണ്ട് ഗോളുകളും 11 അസിസ്റ്റുകളുമാണ് ഡി പോള്‍ അര്‍ജന്റീനക്കായി നേടിയത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാന്‍ ഡി പോളിന് സാധിച്ചിട്ടുണ്ട്. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനൽസീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളിൽ അർജന്റീന സ്കെലോണിയുടെ കീഴിൽ നേടിയത്.

നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിന്റെ താരമാണ് ഡി പോള്‍. കഴിഞ്ഞ സീസണില്‍ നാല് ഗോളുകളും അഞ്ച് അസിസ്റ്റുമാണ് താരം നേടിയത്.

മെസി അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയത്.

ക്ലബ്ബ് ഫുട്‍ബോളിൽ  ഐതിഹാസികമായ ഒരു ഫുട്ബോള്‍ കരിയറാണ് മെസി പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയറായിരുന്നു മെസി സൃഷ്ടിച്ചെടുത്തത്. പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും മെസി പന്തുതട്ടി.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസിയുടെ വരവോടെയാണ് മയാമി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലീഗ്സ് കപ്പ് കിരീടം നേടിയത്.

 

Content Highlight: De Paul Talks About Lionel Messi