കൊച്ചി: ഡി ലിറ്റ് വിവാദത്തില്‍ സര്‍വകലാശാല ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതിന്റെ രേഖ പുറത്ത്. നവംബര്‍ 3ന് തന്നെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരുന്നതായി രേഖയില്‍ പറയുന്നു.
ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാനാണ് ശിപാര്‍ശയില്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനായിരുന്നു ഗവര്‍ണറുടെ ശിപാര്‍ശ എന്നാണ് നേരത്തെ ഉയര്‍ന്ന സൂചനകള്‍. സാധാരണ നിലയില്‍ ഓണററി ഡി ലിറ്റ് നല്‍കേണ്ടവരുടെ പേര് സിന്റിക്കേറ്റ് യോഗത്തില്‍ വി.സിയാണ് വെക്കാറ്.
ചാന്‍സലര്‍ ശിപാര്‍ശ ചെയ്‌തെങ്കില്‍ അതും പറയാം. സിന്റിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നല്‍കാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു.
ഇതിനിടയില്‍ ഡി ലിറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാറും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഡി ലിറ്റ് വിവാദത്തില്‍ ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വെളിപ്പെടുത്തേണ്ടത് ഗവര്‍ണറാണെന്നും വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാറിന്റെയോ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
വി.സി നിയമന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് തെറ്റാണെന്ന് ഗവര്‍ണര്‍ പലതവണ പറഞ്ഞെന്നും കത്തെഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. എന്നിട്ടും ഗവര്‍ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാന്‍സലര്‍ പദവിയൊഴിയുന്നുവെന്ന ആരിഫ് മുഹമ്മദ് ഖാന്റെ പ്രഖ്യാപനം മന്ത്രിക്കും സര്‍ക്കാരിനും കൂടുതല്‍ തെറ്റ് ചെയ്യാന്‍ അവസരമൊരുക്കുമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
അതേസമയം, സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് തന്റെ ഓഫീസിന് നിര്‍ദേശം നല്‍കിയെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. ധാര്‍മികതയ്ക്ക് നിരക്കാത്തത് പലതും ചെയ്‌തെന്നും ഇനിയും തെറ്റ് തുടരാന്‍ വയ്യെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാറിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമായിരുന്നു ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നത്.