വംശീയതയ്‌ക്കെതിരെ എക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്വിന്റണ്‍ ഡി കോക്ക്
ICC T-20 WORLD CUP
വംശീയതയ്‌ക്കെതിരെ എക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്വിന്റണ്‍ ഡി കോക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th October 2021, 5:24 pm

വംശീയതയ്‌ക്കെതിരെയുള്ള ബ്ലാക്ക്‌സ് ലൈഫ് മാറ്റര്‍ ക്യാംപെയ്‌നിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്‍പെയാണ് ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് താരം ക്യാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ലോകകപ്പിന്റെ ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയുമായുള്ള കളിക്ക് മുന്‍പ്, മറ്റ് താരങ്ങളെല്ലാം വംശീയതയ്‌ക്കെതിരായ സന്ദേശത്തിന്റെ ഭാഗമായപ്പോള്‍, ഡി കോക്ക് ഇതില്‍ നിന്നും വിട്ടു നിന്നിരുന്നു. താരത്തിന്റെ പ്രവര്‍ത്തിയില്‍ വ്യാപകമായ പ്രതിഷേധവും ഉടലെടുത്തിരുന്നു.

സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കാന്‍ മൂന്ന് വഴികള്‍ തെരഞ്ഞെടുക്കുക എന്നായിരുന്നു ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്. മുട്ടുകുത്തുക, മുഷ്ടി ഉയര്‍ത്തുക, അല്ലെങ്കില്‍ ശ്രദ്ധയോടെ നേരെ നില്‍ക്കുക എന്നിങ്ങനെയായിരുന്നു ഇത്.

എന്നാല്‍ ഇത് സ്വീകരിക്കാന്‍ ഡി കോക്ക് തയ്യാറായിരുന്നില്ല.

ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരത്തില്‍ നിന്നും ഡി കോക്ക് വിട്ടു നിന്നിരുന്നു. ക്യാംപെയ്‌ന്റെ ഭാഗമാവാത്തതിനാല്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക മത്സരത്തില്‍ നിന്നും ഒഴിവാക്കിയെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് താരം വിട്ടു നിന്നതെന്ന് ക്യാപ്റ്റന്‍ ബെവുമ മത്സരത്തിന് മുന്‍പേ അറിയിച്ചിരുന്നു.

എന്നാല്‍, ക്യാംപെയ്‌ന്റെ ഭാഗമാവാത്തതില്‍ ക്ഷമാപണവുമായി ഡി കോക്ക് രംഗത്തെത്തിയിരുന്നു. താനൊരു വര്‍ണവെറിയനല്ലെന്നും, താന്‍ മുട്ടു കുത്തുന്നതിലൂടെ ഒരു ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കാരണമാവുകയാണെങ്കില്‍ സന്തോഷത്തോടെ താനത് ചെയ്യുമെന്നാണ് ഡി കോക്ക് പറഞ്ഞത്.

വംശീതയ്ക്കെതിരായ സന്ദേശം കൈമാറുന്നതിന്റെ ഭാഗമായുള്ള ക്യാംപെയ്നില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സി.എസ്.എ) ഡി കോക്കിന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി കോക്ക് ക്ഷമാപണവുമായി എത്തിയത്.

‘ആദ്യമായി ടീമംഗങ്ങളോടും നാട്ടിലെ എന്റെ ആരാധകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് വംശീയതക്കെതിരെ നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം മനസ്സിലായി. നമ്മള്‍, താരങ്ങള്‍ വേണം ഇതിനായി മാതൃകയാവേണ്ടത് എന്ന കാര്യവും എനിക്ക് വ്യക്തമായി.

ഞാന്‍ മുട്ടുകുത്തി നില്‍ക്കുന്നത് ഒരു ജനതുടെ മൊത്തം ജീവിതസാഹചര്യം മെച്ചപ്പെടുത്തുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ, ഞാനൊരിക്കലും ഒരു വംശീയവാദിയല്ല,’ എന്നാണ് ഡി കോക്ക് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: De Kock kneed as part of blacks life matters campaign