കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സ്; ദല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു
National
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സ്; ദല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd April 2018, 6:36 pm

ന്യൂദല്‍ഹി: ദല്‍ഹി വനിതാ കമ്മീഷന്‍ (ഡി.സി.ഡബ്ല്യു) ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് 10 ദിവസമായി തുടര്‍ന്നിരുന്ന അനിശ്ചിതകാല സമരമാണ് ഞായറാഴ്ച അവസാനിപ്പിച്ചിരിക്കുന്നത്.

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഞായറാഴ്ച ഒപ്പുവെച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മലിവാള്‍ ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ നിരാഹാര സമരം അവസാനിപ്പിച്ചത്.


Also Read: ‘ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’, ഡോ. കഫീല്‍ഖാന്റെ കത്ത്


സ്വതന്ത്ര ഇന്ത്യയിലെ ചരിത്രപരമായ വിജയമാണിതെന്ന് മലിവാള്‍ പ്രതികരിച്ചു. “സ്വതന്ത്ര ഇന്ത്യയിലെ ചരിത്രപരമായ വിജയമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. ഈ വിജയത്തില്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.”

12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി മലിവാള്‍ അറിയിച്ചിരുന്നു. “നിരാഹാര സമരം അവസാനിപ്പിക്കുന്നു. എന്നാല്‍, സ്ത്രീ സുരക്ഷക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും,” മലിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മു കാശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസങ്ങള്‍. വിഷയത്തില്‍ ആറ് ആവശ്യങ്ങളുമായി മലിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഓര്‍ഡിനന്‍സ് പാസാക്കുക, യു.എന്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായ പൊലീസ് റിക്രൂട്ട്‌മെന്റ്, പോലീസ് സേനയെ ഉത്തരവാദിത്തമുള്ളവരാക്കുക തുടങ്ങിയവ ഇതില്‍ പെടുന്നു.


Watch DoolNews Video: