തിരുവനന്തപുരം : സി.പി.ഐ.എം. ജില്ലാ ഓഫീസിൽ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെ അധിക ചുമതലയായിരുന്ന ഡി.സി.പി. സ്ഥാനത്തുനിന്നും മാറ്റി. നേരത്തെ ചൈത്ര ജോണിന് ചുമതലയുണ്ടായിരുന്ന വനിതാ സെല്ലിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല നൽകിയത്.
മെഡിക്കൽ അവധിയിലായിരുന്ന ഡി.സി.പി. ആർ ആദിത്യയെ തിരിച്ച് വിളിച്ച് ആഭ്യന്തരവകുപ്പ് ചുമതല ഏൽപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് തെരേസ ജോണിനെതിരെയുള്ള നടപടി. പാർട്ടി ഓഫീസിൽ അർധരാത്രി നടന്ന റെയ്ഡിന് വിശദീകരണം നൽകണമെന്ന് ഡി.ജി.പി.ലോക്നാഥ് ബെഹ്‌റ ചൈത്രയോട് ആവശ്യപ്പെട്ടിരുന്നു.
തിരുവന്തപുരത്തെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞവരെ പിടികൂടുന്നതിനാണ് സി.പി.ഐ.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ബുധനാഴ്ച രാത്രി എസ്.പി. ചൈത്ര ജോണിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞിരുന്നു.
Also Read ആര്‍പ്പുവിളിയില്ലാതെ കലൂര്‍; കളികാണാനെത്തിയത് നാലായിരം പേര്‍, ചരിത്രത്തിലെ കുറവ് അറ്റന്‍ഡന്‍സ്
പ്രതികളിൽ ചിലർ മേട്ടുക്കടയിലെ സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. എന്നാൽ പൊലീസ് സംഘത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും തടഞ്ഞു.
പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത പാർട്ടിയുടെ പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം അരങ്ങേറിയത്. ഇതിനെത്തുടർന്ന് മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡി.വൈ.എഫ്.ഐ., സി.പി.ഐ.എം. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുതിരുന്നു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.റെയ്ഡിൽ പ്രതികളെ ആരെയും പിടികൂടാനായില്ല.
തൊട്ടുപിന്നാലെ ഡി.സി.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാർട്ടി നേതൃത്വത്തെയും സമീപിക്കുകയായിരുന്നു. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ റെയ്ഡ് നടന്നതിന് ശേഷം ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡി.സി.പി.യുടെ ചുമതല ഏല്പിച്ചു.