| Friday, 20th August 2021, 9:10 am

പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാന്‍ ഡി.സി.പി ഐശ്വര്യ ദോഗ്രെയുടെ നിര്‍ദ്ദേശം; ശബ്ദ സന്ദേശം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നഗരത്തിലെ പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കൊച്ചി ഡി.സി.പി ഐശ്വര്യ ദോഗ്രെ നിര്‍ദ്ദേശം നല്‍കിയതായി ആരോപണം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് കൊച്ചിയിലെ സ്റ്റേഷനുകളിലേക്ക് വയര്‍ലസ് സന്ദേശമായിട്ടാണ് നിര്‍ദ്ദേശം എത്തിയത്. കൊവിഡ് കാലത്ത് ജനങ്ങളില്‍ നിന്ന് അമിതമായി പൊലീസ് പിഴ ഈടാക്കുന്നെന്ന ആരോപണം നിലനില്‍ക്കെയാണ് ഡി.സി.പിയുടെ നിര്‍ദ്ദേശം പുറത്തുവന്നത്.

നേരത്തെ പിഴ ഈടാക്കുന്നതിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഉന്നത ഉദ്യോഗസ്ഥര്‍ ടാര്‍ഗറ്റുകള്‍ നിശ്ചയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്നുപറഞ്ഞിരുന്നു.

പൊലീസിലെ ടാര്‍ഗറ്റിംഗ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസില്‍ ലേഖനമെഴുതിയ സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെതിരെ അച്ചടക്ക നടപടിയും പൊലീസ് സ്വീകരിച്ചിരുന്നു.

‘പ്രതിദിന ടാര്‍ഗറ്റുമായി പൊലീസുകാരെ റോട്ടിലേക്ക് വിടുന്ന സംവിധാനമാണ് പ്രതി,’ എന്ന തലക്കെട്ടില്‍ ആഗസ്റ്റ് രണ്ടിന് ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലായിരുന്നു നടപടി.

അതേസമയം വിവാദ നടപടികളുടെ പേരില്‍ ഡി.സി.പി ഐശ്വര്യ ദോഗ്രെ നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായിരുന്നു ഒരു നടപടി.

മുമ്പ് മഫ്തിയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ഡി.സി.പിയെ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയും ഐശ്വര്യ ദോഗ്രെ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ ഡി.സി.പിയെ കമ്മീഷണര്‍ താക്കീത് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

DCP Aishwarya Dogre proposes to increase number of petty cases; Voice message out
We use cookies to give you the best possible experience. Learn more