| Monday, 6th January 2025, 5:52 pm

ഡി.സി.സി ട്രഷററുടെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം. ബത്തേരി എം.എല്‍.എ ഓഫീസിലേക്കാണ് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്.

മുദ്രാവാക്യം വിളിച്ച് എം.എല്‍.എ ഓഫീസിലേക്ക് കയറി വന്ന പ്രതിഷേധക്കാര്‍ ഓഫീസിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ട്രഷററുടെ ആത്മഹത്യ കുറിപ്പില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.

അഞ്ചില്‍ അധികം പേജുകള്‍ ഉള്ളതാണ് കുറിപ്പ്. നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ഉണ്ടെന്നാണ് വിവരം.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം കത്തിലെ ആരോപണങ്ങള്‍ ഐ.സി. ബാലകൃഷണന്‍ നിഷേധിച്ചിട്ടുണ്ട്. പൊലീസ് കുറിപ്പിനെപ്പറ്റി അന്വേഷിക്കട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നും എം.എല്‍.എ പറഞ്ഞു. പണം വാങ്ങാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ഐ.സി. ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്‍.എം വിജയന്റെ ആത്മഹത്യയിലും അര്‍ബന്‍ ബാങ്കിലെ നിയമന കോഴയിലുമാണ്വിജിലന്‍സ് അന്വേഷണം നടത്തുക. ബാങ്ക് നിയമനക്കോഴയും തുടര്‍ന്നുണ്ടായ കട ബധ്യതയും ഡി.സി.സി ട്രഷററുടെ ആത്മഹത്യയ്ക്ക് കാരണമായോയെന്ന് അന്വേഷണസംഘം പരിശോധിക്കും.

ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമ്പോള്‍ തന്നെയാണ് സമാന്തരമായി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചത്. വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത് ഡി.സി.സി പ്രസിഡന്റ് വിജയന്റെ മരണവും വിവിധ ബാങ്കുകളിലായുള്ള അദ്ദേഹത്തിന്റെ ഒരു കോടിരൂപയോളം വരുന്ന കട ബാധ്യതകളുമാണ്.

വിജയന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതകളാണെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഏകദേശം പത്തോളം ബാങ്കുകളിലാണ് വിജയന് കടബാധ്യത ഉണ്ടായിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍.എന്‍. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐ.സി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Content Highlight: DCC Treasurer’s Suicide; DYFI marched to IC Balakrishnan’s office

We use cookies to give you the best possible experience. Learn more