| Thursday, 28th September 2023, 4:09 pm

'അന്നുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നു'; ജോജുവിനെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് ഷിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: 2021ല്‍ എറണാകുളത്ത് ഇന്ധന വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജ് സമരക്കാര്‍ക്കെതിരെ രോഷാകുലനായതും തുടര്‍ന്ന് നടന്ന സംഭവങ്ങളും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഉപരോധ സ്ഥലത്ത് കാറിലെത്തിയ ജോജു കോണ്‍ഗ്രസ് നേതാക്കളുമായി വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് താരത്തിന്റെ കാറിന്റെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

അന്ന് സമരത്തിന് നേതൃത്വം നല്‍കിയ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ജോജുവിനെ നേരില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണിപ്പോള്‍. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളര്‍ന്നെന്നും തികച്ചും ന്യായമായ ആ സമരാവശ്യം വിജയിക്കുന്നതില്‍ ജോജുവിന്റെ ഇടപെടലും കാരണമായെന്നും ഷിയാസ് പറഞ്ഞു.

അന്തരിച്ച സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴായിരുന്നു ജോജുവും ഷിയാസും കണ്ടുമുട്ടിയത്. ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്ന ചിത്രവും ഫേസ്ബുക്കിലൂടെ ഷിയാസ് പങ്കുവെച്ചു.

‘കുറേ കാലങ്ങള്‍ക്ക് ശേഷമാണ് ജോജുവിനെ നേരില്‍ കാണുന്നത്. ഇന്ധനവില കൊള്ളക്കെതിരായ സമരമുഖത്തെ സംഭവബഹുലമായ അന്നത്തെ കൂടിക്കാഴ്ചയായിരുന്നു ഒരര്‍ത്ഥത്തില്‍ ആ സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് നയിച്ചത്. തികച്ചും ന്യായമായ ആ സമരാവശ്യം വിജയിക്കുന്നതില്‍ ജോജുവിന്റെ ഇടപെടലും കാരണമായി.

നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു പ്രിവിലേജുമില്ലാത്ത സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള സമരത്തിനായിരിക്കും എന്നും കോണ്‍ഗ്രസ് മുന്‍ഗണന. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതില്‍ സന്തോഷം.

വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിപ്പിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ സംവാദത്തിന് വേദിയാകുന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം. ജനകീയ സമരഭൂമി തന്നെ അതിനൊരു മൈതാനിയൊരുക്കുന്നത് അന്ധത അഭിനയിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുമെന്നും ഓര്‍മിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്,’ ഷിയാസ് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതിരെയാണ് അന്ന് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം നടത്തിയിരുന്നത്. ഈ സമരം നീണ്ടുപോയത് ഗതാഗതക്കുരുക്കിന് കാരണമായപ്പോഴാണ് ജോജുവിന്റെ പ്രതികരണമുണ്ടായത്.

Content Highlight: DCC president Mohammed Shiyas shares his experience of seeing Joju George

We use cookies to give you the best possible experience. Learn more