| Monday, 27th May 2019, 1:07 pm

ടിജെ വിനോദോ ടോണി ചമ്മണിയോ ലാലി വിന്‍സെന്റോ?; എറണാംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ ഇടം നേടി ഇവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാംകുളം ലോക്‌സഭ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ വിജയിച്ചതോടെ എറണാംകുളം നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പായിരിക്കുകയാണ്. വിജയത്തില്‍ ആഹ്‌ളാദം പ്രകടപ്പിക്കുമ്പോള്‍ തന്നെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള നേതാക്കളെ കുറിച്ചും കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

വര്‍ഷങ്ങളായി ഐ ഗ്രൂപ്പിലുള്ള നേതാക്കള്‍ക്കാണ് ഈ സീറ്റ് അനുവദിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഐ ഗ്രൂപ്പുകാരനായ ഡിസിസി അദ്ധ്യക്ഷന്‍ ടിജെ വിനോദാണ് സാധ്യത പട്ടികയില്‍ മുമ്പില്‍. തിവേളിക്കകത്ത് ജോസഫ് വിനോദ് എന്ന ടിജെ വിനോദ് കഴിഞ്ഞ അഞ്ച് തവണയായി കൊച്ചി കോര്‍പ്പറേഷനില്‍ അഞ്ച് വര്‍ഷമായി തമ്മനത്ത് നിന്നുള്ള കൗണ്‍സിലറാണ്. ഇപ്പോള്‍ ഡെപ്യൂട്ടി മേയറും ആണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡിസിസി അദ്ധ്യക്ഷ ചുമതല വഹിക്കുന്ന വിനോദ് ഹൈബി ഈഡന്റെ പ്രചരണചുമതലയും നിര്‍വഹിച്ചിരുന്നു.

മുന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറായ ടോണി ചമ്മണിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി സ്ഥാനങ്ങളൊന്നും ടോണിക്കില്ല. അതിനാല്‍ തന്നെ ടോണിക്ക് ഏതെങ്കിലും അനുയോജ്യമായ ഉത്തരവാദിത്വം നല്‍കണമെന്ന് എ ഗ്രൂപ്പിനുണ്ട്. എന്നാല്‍ ഈ സീറ്റ് എ ഗ്രൂപ്പുകാരനായ ടോണിക്ക് നല്‍കാന്‍ ഐ ഗ്രൂപ്പ് തയ്യാറാകുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

എറണാംകുളത്ത് തന്നെയുള്ള പ്രമുഖ നേതാവ് ലാലി വിന്‍സന്റും സീറ്റിലേക്ക് പരിഗണിക്കുന്നവരില്‍ പ്രമുഖയാണ്. ഇടുക്കി, വയനാട് ലോക്‌സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രചരണത്തിന്റെ ഉത്തരവാദിത്വം ലാലിക്ക് നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് എറണാംകുളം നോര്‍ത്ത് ബ്ലോക്ക് കമ്മറ്റി അദ്ധ്യക്ഷന്‍ ഹെന്റി ഓസറ്റിന്റെ പേരും സാധ്യത ചര്‍ച്ചകളിലുണ്ട്.

മൂന്നാം തവണയാണ് എറണാംകുളം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 1998ല്‍ സെബാസ്റ്റ്യന്‍ പോളും 2009ല്‍ ഡൊമിനിക് പ്രസന്റെഷനുമാണ് വിജയിച്ചത്. ലത്തീന്‍ കാത്തലിക് വിഭാഗത്തിന് സ്വാധീനമുള്ള ഈ മണ്ഡലം 1957 മുതല്‍ കോണ്‍ഗ്രസിനോടൊപ്പമാണ്.

We use cookies to give you the best possible experience. Learn more